കാട്ടാക്കട : കാടും മേടും പുഴയും താണ്ടി കിലോമീറ്ററുകളോളം നടന്നെത്തി 23 വർഷം കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ച അധ്യാപികയെ സർക്കാർ തൂപ്പുകാരിയാക്കി മാറ്റി.
അഗസ്ത്യമലയിലുള്ള അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ ആദിവാസി കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്നു കൊടുത്തിരുന്ന ഉഷാകുമാരിയെ ആണ് ഇപ്പോൾ പേരൂർക്കട ഹയർ സെക്കൻഡറി സ്കൂളിൽ തൂപ്പുകാരിയായി നിയമിച്ചിരിക്കുന്നത്.
ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് കുന്നത്തുമല സ്കൂളിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പേരൂർക്കട സ്കൂളിലേക്കു മാറ്റി നിയമിച്ചത്.
സംസ്ഥാനത്ത് 344 ഏകാധ്യാപക വിദ്യാലയങ്ങളാണ് സർക്കാർ അടച്ചുപൂട്ടുന്നത്. ഇതിൽ 50 പേർക്കാണ് തൂപ്പു ജോലി ലഭിച്ചിരിക്കുന്നത്.
തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നുമില്ലെന്ന് 54കാരിയായ ഉഷാകുമാരി ടീച്ചർ പറയുന്നു. എന്നാൽ, ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ആൾ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല.
രണ്ടു മാസം മുൻപുവരെ താൻ കുട്ടികളെ പഠിപ്പിക്കുകയായിരുന്നെന്നും ചോക്കും ഡസ്റ്ററും ഉണ്ടായിരുന്ന കൈയിൽ ഇന്നിപ്പോൾ ചൂലെടുത്ത് സ്കൂൾ വൃത്തിയാക്കുന്നതിൽ അഭിമാന കുറവൊന്നുമില്ലെന്നു ഉഷാ കുമാരി പറയുന്നു.
“”തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കൾ പറഞ്ഞത്. എന്നാൽ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്കിഷ്ടം. ’മുഴുവൻ പെൻഷനും നൽകണമെന്നു മാത്രമാണ് സർക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്.
ആരും കയറി ചെല്ലാത്ത കൊടും കാട്ടിൽ ജോലി ചെയ്തിട്ടും തൂപ്പുജോലിയാണ് കിട്ടിയത് എന്നതിൽ എനിക്ക് സങ്കടമൊന്നുമില്ല.
കുന്നും പുഴയും കടന്ന് പഠിപ്പിക്കാനെത്തുന്ന സ്ഥലത്തെ കുട്ടികൾക്കുള്ള പച്ചക്കറികളും പാലും മുട്ടയും പുസ്തകങ്ങളുമൊക്കെ ചുമന്നുകൊണ്ടാണ് പോയിരുന്നത്.
ആനയും കടുവയും ഒക്കെയുണ്ടായിരുന്ന കാട്ടിൽ അന്ന് വലിയ ആക്രമണങ്ങളൊന്നും മൃഗങ്ങളിൽ നിന്നുണ്ടായിട്ടില്ല. എന്നാൽ, മക്കൾ പറയുമായിരുന്നു, സ്വന്തം മക്കളെക്കാൾ അമ്മയ്ക്ക് കാട്ടിലെ മക്കളോടാണ് സ്നേഹമെന്ന്.
അത് ശരിയായിരുന്നുതാനും. അവരെയൊക്കെ ഇനി എന്നും കാണാനാകില്ലല്ലോ എന്നത് മാത്രമാണ് വിഷമം”- ഉഷാകുമാരി പറഞ്ഞു.
ആറു വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് സർക്കാർ ഉഷാ കുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവൻ പെൻഷൻ ലഭിക്കാൻ 20 വർഷത്തെ സർവീസ് വേണം.
23 വർഷം സർക്കാർ പറഞ്ഞതനുസരിച്ച് ആരും പോകാൻ തയാറാകാതിരുന്ന സ്ഥലങ്ങളിലൊക്കെ ജോലി ചെയ്ത ഇവർക്ക് കുറഞ്ഞത് പെൻഷൻ ലഭിക്കാൻ കഴിയുന്ന വിധത്തിൽ സർവീസ് കണക്കാക്കി നിയമനം നൽകിയില്ലെന്നാണ് ആക്ഷേപം.
എന്നാൽ, ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയെങ്കിലും സർക്കാർ തങ്ങളെ കൈവിട്ടില്ലെന്നും ഉഷാകുമാരി പറയുന്നു.
അന്നൊക്കെ ടിടിസി യോഗ്യത മാത്രമായിരുന്നു ഏകാംഗ അധ്യാപകർക്കുള്ള യോഗ്യത. അതിനാൽ അതിനനുസരിച്ചുള്ള ജോലിയെങ്കിലും നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഉഷ പിന്നീട് സ്വയം പഠിച്ച് ബിരുദം നേടുകയും ചെയ്തിരുന്നു. അതേസമയം, ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയപ്പോൾ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.