ആലപ്പുഴ: ഉദ്വേഗജനകമായ മണിക്കൂറുകൾക്കു വീണ്ടും വിരാമം. അത് രാഹുലല്ല. ആലപ്പുഴയിൽനിന്ന് 17 വർഷങ്ങൾക്കു മുന്പ് കാണാതായ രാഹുലിനോടു രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടെന്ന് അവകാശപ്പെട്ട് എത്തിയ കത്തിലെ ഫോട്ടോ രാഹുലിന്റേതല്ലെന്നു സ്ഥിരീകരിച്ചു.
കത്തിൽ ഉണ്ടായിരുന്ന ഫോട്ടോയിലെ യുവാവിനെ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. മുംബൈയിൽനിന്നു ഫോട്ടോ സഹിതം രാഹുലിന്റെ വീട്ടിലേക്ക് എത്തിയ കത്തിൽ രാഹുൽ നെടുമ്പാശേരിയിൽ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്.
കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി കത്ത് ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിരുന്നു.ഇന്നലെ ക്രൈബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി മിനിയുടെ മൊഴി രേഖപ്പെടുത്തി.
കുട്ടിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും ചോദിച്ചു മനസിലാക്കി. ഫോട്ടോയിലെ വ്യക്തി ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടി കണ്ട ശേഷമാണ് ഇതാണ് രാഹുലെന്നു കാട്ടി മിനിക്കു കത്തു ലഭിക്കുന്നത്.
ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച് അന്വേഷണം തുടങ്ങിയ പോലീസ് ചാനലിൽനിന്നു 26 വയസുള്ള യുവാവിന്റെ നന്പർ വാങ്ങി.
ക്രൈബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ യുവാവ് ഇടപ്പള്ളി ലുലുമാളിലുണ്ടെന്നു വിവരം ലഭിച്ചു.
ഇവിടെ തിയറ്ററിൽ സിനിമ കാണുകയായിരുന്ന യുവാവിനെ ക്രൈബ്രാഞ്ച് ആലപ്പുഴയ്ക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
1996ൽ ജനിച്ച തൃശൂർ സ്വദേശിയായ വിനയ് എന്ന യുവാവാണിത്. അച്ഛനും അമ്മയും തമ്മിൽ നല്ല ബന്ധത്തിലല്ലാതിരുന്നതിനാൽ വിനയ് ഏകനായി മുബൈയിലും മറ്റും താമസിച്ചിരുന്നെന്നും ഇതാണ് സംശയത്തിനു കാരണമായതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നി ദീപികയോടു പറഞ്ഞു.
തുടർന്ന് മിനി നൽകിയ അടയാളങ്ങൾ വച്ചും വയസ് കണക്കാക്കിയുമുള്ള പരിശോധനയിലാണ് കുട്ടി രാഹുലല്ലെന്നു വ്യക്തമായത്. യുവാവിനെ നേരിൽ കണ്ട് മിനിയും ഇക്കാര്യം ഉറപ്പിച്ചു.
മുംബൈയിലെ മലയാളി വീട്ടമ്മ നൽകിയവിവരം
മുംബൈയിൽ കട നടത്തുന്ന മലയാളി വീട്ടമ്മയായ വി. വസുന്ധരാദേവി കഴിഞ്ഞ 24നാണ് മിനിക്കു കത്തെഴുതിയത്. രാഹുലിനോടു രൂപസാദൃശ്യമുള്ള കുട്ടി നെടുമ്പാശേരിയിലും എറണാകുളത്തും ലോട്ടറി വിൽക്കുന്നതായായിരുന്നു കത്തിലെ ഉള്ളടക്കം.
കത്തയച്ചതിനു ശേഷം വസുന്ധ രാദേവി ദിവസവും മിനിയെ വിളിക്കുമായിരുന്നു.ഈ കുട്ടി ചെറുപ്പത്തിൽ ഒരു സ്ത്രീയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പിന്നീട് ഇവർ പത്തനാപുരത്തെ അഭയകേന്ദ്രത്തിലെത്തി. ഇവിടെനിന്ന് 16-ാം വയസിൽ മുംബൈയിലെ ശിവാജി പാർക്കിലെത്തി.
കേരളത്തിലേക്കു കോവിഡ് കാലത്താണ് തിരിച്ചെത്തിയത്. ഈ വിവരങ്ങൾ വീട്ടമ്മ മിനിയോടു പറഞ്ഞതിനെത്തുടർന്നാണ് കത്ത് പോലീസിനു കൈമാറിയത്.
വെള്ളം കുടിക്കാൻ പോയ കുട്ടി എവിടെപ്പോയി?
ആലപ്പുഴ പഴയആശ്രമം വാർഡിൽ രാഹുൽ നിവാസിൽ എ.ആർ. രാജു- മിനി ദന്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നു വീടിനു സമീപമുള്ള മഞ്ഞിപ്പുഴ പറന്പിൽ കളിച്ചുകൊണ്ടിരിക്കേ ഏഴാം വയസിലാണ് കാണാതായത്.
ക്രിക്കറ്റ് കളിക്കിടെ വെള്ളം കുടിക്കാൻ പോയ രാഹുലിനെ പിന്നീട് കണ്ടിട്ടില്ല. രാഹുലിന്റെ തിരോധനാത്തെത്തുടർന്ന് ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തിയ പിതാവ് രാജു, പിന്നീട് ശാരീരിക അസ്വസ്ഥകളെത്തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ 22ന് രാജു ജീവനൊടുക്കി. മരണം നടന്നു പത്താം ദിനമാണ് കത്ത് എത്തുന്നത്.ഇതിനു മുന്പും സമാനരീതിയിൽ വന്ന കത്തുകൾ പോലീസിനു കൈമാറിയിരുന്നെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല. ഫലമില്ലാതായതോടെ അന്വേഷണം അവസാനിപ്പിക്കാൻ 2013ൽ സിബിഐ തീരുമാനിക്കുകയായിരുന്നു.