കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തിയ ഒരു സംഭവമായിരുന്നു ആലപ്പുഴയില്‍ നിന്ന് പതിനേഴുവര്‍ഷം മുമ്പു കാണാതായ രാഹുലിന്റെ തിരോധാനം.
എന്നാല്‍ ഇപ്പോള്‍ രാഹുലുമായി രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടതായുള്ള വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്.
ഇക്കാര്യമറിയിച്ചു യുവാവിന്റെ ചിത്രം സഹിതമുള്ള കത്ത് രാഹുലിന്റെ വീട്ടിലേക്ക് വന്നതോടെയാണ് രാഹുല്‍ വീണ്ടും ചര്‍ച്ചയാവുന്നത്. കത്തയച്ചിരിക്കുന്നത് മുംബെയില്‍നിന്നാണ്.
യുവാവ് ഇപ്പോള്‍ നെടുമ്പാശേരിയില്‍ ഉണ്ടെന്നും ഒരു സ്ത്രീയുടെ പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നു. കത്ത് രാഹുലിന്റെ മാതാവ് മിനി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി.
രാഹുലിന്റെ തിരോധാനം സംബന്ധിച്ചു മുമ്പും വീട്ടില്‍ കത്തുകള്‍ വന്നിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല.
കേരളമാകെ വര്‍ഷങ്ങളോളം ചര്‍ച്ചചെയ്തതാണ് ആലപ്പുഴ ആശ്രമം വാര്‍ഡ് എ.ആര്. രാജുവിന്റെയും മിനിയുടെ മകന് രാഹുലിന്റെ തിരോധാനം.
2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെയാണ് ഏഴുവയസുകാരനായ രാഹുലിനെ കാണാതായത്.രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലം കണ്ടില്ല.
തുടര്‍ന്നു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.
ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഫലമില്ലാതായതോടെ 2013-ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചു.
ഇതു ചോദ്യംചെയ്തു ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യംചെയ്തില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.
അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് 2015-ല്‍ സി.ബി.ഐ. കോടതിക്കു റിപ്പോര്‍ട്ടു നല്കി. ഇനിയൊന്നും ചെയ്യാനില്ലെന്ന സി.ബി.ഐ.യുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
രാഹുലിന്റെ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി.
മകന്റെ തിരോധാനം അദ്ദേഹത്തെ മാനസികമായും തകര്‍ത്തിരുന്നു. അടുത്തിടെ അദ്ദേഹം ജീവനൊടുക്കിയതു നാടിനു തീരാനൊമ്പരമാകുകയും ചെയ്തു.