തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ ദയനീയപരാജയത്തെക്കുറിച്ച് പരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നടപടി ആരംഭിച്ചു. മണ്ഡലം തലത്തിലും ബൂത്ത് തലത്തിലും വോട്ടുകൾ കുറയാൻ ഉണ്ടയ സാഹചര്യം വിശദമായി പരിശോധിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
എന്നാൽ ജില്ലാ കമ്മിറ്റിയുടെ മേൽ പരാജയത്തിന്റെ ഉത്തരവാദിത്വം എത്തിയ്ക്കാൻ ശ്രമിക്കേണ്ടെ ന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
ഈ കാര്യം പലനേതാക്കളും പരോക്ഷമായി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.സ്ഥാനാർത്ഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വരെ മേൽനോട്ടം വഹിച്ചത് സംസ്ഥാന നേതൃത്വമായിരുന്നു.
ജില്ലാ കമ്മിറ്റിയുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയും ജില്ലാ നേതൃത്വത്തെയും മറികടന്നുമാണ് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നാണ് പാർട്ടിയിലെ പല നേതാക്കളും ആരോപിക്കുന്നത്.
മന്ത്രി രാജീവാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചതെന്നാണ് പല നേതാക്കളും വിമർശനം ഉന്നയിക്കുന്നത്. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യണമെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചിരിക്കുന്നത്.
ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫ് വിജയിക്കുന്നതും പരാജയപ്പെടുന്നതും മൂവായിരത്തിൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലായിരിക്കുമെന്നാണ് പാർട്ടി നേതാക്കൾ കൊടുത്തിരുന്ന കണക്ക്.
എന്നാൽ ഈ കണക്കുകളെ അത്ഭുതപ്പെടുത്തിയ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ചത്. 25000 ൽപരം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം ഉമാ തോമസിന് ലഭിക്കുമെന്ന് എൽഡിഎഫിലെ ഒരു നേതാവും പ്രതീക്ഷിച്ചിരുന്നില്ല.
ട്വന്റി ട്വന്റിയെ പിണക്കിയതും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്.
500 ൽ താഴെ വോട്ടിന്റെ കുറവിൽ പല മണ്ഡലങ്ങളിലും പരാജയം സംഭവിച്ചപ്പോൾ പാർട്ടി ഭാരവാഹികളായ പല നേതാക്കൾക്കെതിരെയും മുൻപ് പാർട്ടി നടപടിയെടുത്തിരുന്നു.
എന്നാൽ ജില്ലാ നേതൃത്വത്തെ മറികടന്ന് സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും നടത്തിയത് സംസ്ഥാന നേതൃത്വമാണ് നിലവിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ആർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്.