സ്വന്തം ലേഖകൻ
കണ്ണൂർ: ഇരുചക്രവാഹനം മോഷ്ടിച്ചതിന് പരാതി നല്കിയ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനേയും ഡ്യൂക് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പരിയാരം പോലീസിന് തിരിച്ചടി.
തിരുവനന്തപുരം കഴക്കൂട്ടം മബിയൂക്ക് മലബാർ സ്നാക്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന പരിയാരം പെരുവളങ്ങയിലെ തെക്കന്‍ ബബിത്ത്ലാല്‍ (20), മുടിക്കാനത്തെ ആല്ഫിന് സോജന് (19) എന്നിവരെയാണ് പരിയാരം പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.
ഇതിനെതിരേ ബബിത്ത്ലാലിന്റെ പിതാവ് കടന്നപ്പള്ളി മുടിക്കാനത്തെ തെക്കൻ ഹൗസിൽ ബാബു ദിനകരൻ കണ്ണൂർ റേഞ്ച് ഡിഐജിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ അന്വേഷിച്ച് റിപ്പോർട്ട് നൽകി.
അന്വേഷണ റിപ്പോർട്ടിൽ ഡ്യൂക്ക് ബൈക്ക് മോഷണം നടന്ന സമയം അറസ്റ്റ് ചെയ്ത ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ നിരപരാധികൾക്കെതിരേ പരിയാരം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി ബബിത്ത്ലാലിന്റേയും കൂടെ അറസ്റ്റിലായ സുഹൃത്തിന്റേയും അവരുടെ രക്ഷിതാക്കളുടെയും കൂടെ വന്ന സുഹൃത്തിന്റേയും കുറ്റാരോപിതരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
അറസ്റ്റിന് മുമ്പ് മേയ് ആറിന് രാത്രി പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഇരുവരേയും മെഡിക്കൽ പരിശോധനയ്ക്കെത്തിച്ച പരിയാരം പോലീസ് ഇവരുടെ അറസ്റ്റ് ഏഴിന് 9.45 ന് കീച്ചേരിയിൽ വച്ചാണെന്ന് പറയുന്നതും വലിയ വീഴ്ചയാണ്.
മുടിക്കാനത്തെ ജിഷയുടെ ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ചു എന്ന കേസിലാണ് ഇരുവരെയും പരിയാരം പോലീസ് പിടികൂടുന്നത്.
എന്നാൽ, ഏപ്രില്‍ 30 ന് ബബിത്ലാലിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പരാതിക്കാരിയായ ജിഷയുടെ മകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിനു പകരം വീട്ടാൻ ജിഷ നൽകിയ പരാതിയിലാണ് ബബിത്ത്ലാലിനെയും സൃഹൃത്തിനേയും അറസ്റ്റ് ചെയ്തതെന്നായിരുന്നു ബാബു ദിനകരന്റെയടക്കം പരാതി.
മലബാർ എക്സ്പ്രസിന് മേയ് മൂന്നിന് രാവിലെ 7.15 ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയവരെയാണ് അന്നേ ദിവസം പുലർച്ചെ നടന്ന സംഭവത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത്.
ബബിത്ത്ലാലും നാട്ടുകാരും സുഹൃത്തുക്കളുമായ അൽഫിൻ സോജൻ, സജീഷ് , വി.ജെ. സഞ്ജു എന്നിവർ മേയ് രണ്ടിന് വൈകുന്നേരം കഴക്കൂട്ടത്ത് നിന്നും നാട്ടിലേക്ക് വന്നിരുന്നു.
അന്നേ ദിവസം വൈകുന്നേരം 17.23 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നൂരിലേക്ക് നാലു പേരും ടിക്കറ്റ് എടുത്താണ് വന്നത്.
പയ്യന്നൂരിന് പകരം പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ മൂന്നിന് രാവിലെയാണ് ഇവർ ട്രെയിൻ ഇറങ്ങിയത്.
കൂടാതെ പോലീസ് കവർന്നു എന്നു പറയുന്ന ഡ്യൂക് ബൈക്ക് ഓടാത്താണെന്നും, മോഷ്ടിച്ച് ഓടിച്ചു പോകുന്നത് കണ്ടുവെന്നു പറയുന്ന മൊഴി പോലീസിന്റെ വ്യാജ സാക്ഷിയുടേതാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
ഓടിക്കാൻ പറ്റാത്ത ബൈക്ക് കീച്ചേരിയിൽ നിർത്തിട്ടതായി പരിയാരം പോലീസിനോട് ആര് പറഞ്ഞു. ഈ വിവരം എങ്ങനെ കിട്ടി എന്ന കാര്യം അന്വേഷിച്ചാൽ തന്നെ സംഭവത്തിലെ നാടകം വ്യക്തമാകുമെന്നാണ് നിരപരാധികളായ ഇരുവരുടെയും രക്ഷിതാക്കൾ പറയുന്നത്.
ഇതിനെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇരുവരുടെയും രക്ഷിതാക്കൾ. തങ്ങളേയും മക്കളേയും സമൂഹത്തിനു മുന്നിൽ മോശക്കാരാക്കി പോലീസുകാർക്കെതിരേ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.