കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ മാളിൽ പട്ടാപ്പകൽ പോലീസ് ചമഞ്ഞ് പത്ത് ലക്ഷം കവർന്ന കേസിലെ പ്രതികളെ ഒരാഴ്ചകൊണ്ട് പൊക്കി യഥാര്ഥ പോലീസ്.
കണ്ണൂർ സ്വദേശിയും വർഷങ്ങളായി മലപ്പുറം പറമ്പിൽ പീടിക ഭാഗങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന കെ.പി. നവാസ് (45) കണ്ണൂർ മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പിൽ (43), ആലപ്പുഴ ചുങ്കം വാർഡിൽ കരുമാടിപ്പറമ്പ് കെ.എൻ. സുഭാഷ്കുമാർ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസർ(29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംഭര ഹോട്ടലിൽ നിന്നും കഴിഞ്ഞ ദിവസംപിടിയിലായത്.
മറ്റൊരുപ്രതിയായ കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഒരു കിലോസ്വർണ്ണം വെറും പത്തുലക്ഷം അഡ്വാൻസ് നൽകി ബാക്കിതുക എഗ്രിമെന്റ് തയ്യാറാക്കി ഘട്ടം ഘട്ടമായി നൽകിയാൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലുകളിൽ വിളിച്ചു വരുത്തി ഡീലിംഗ് നടത്തുകയും അതിനിടയിൽ സംഘത്തിൽപ്പെട്ട ഒരാൾ സിഐ റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവർ പോലീസ് ആയും വന്ന് പണം കൈക്കലാക്കുകയുമാണ് ഇവരുടെ രീതി. പിടിക്കപ്പെട്ടാൽ ആക്രമിച്ച് പണം കവരുകയും ചെയ്യും.
കഴിഞ്ഞമാസം പതിനാറാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാർക്ക് സംശയംതോന്നി യഥാർഥ പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തിൽ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്.
പ്രതികളിൽപ്പെട്ട ഷാജിദ് മാളിന്റെ ആറാം നിലയിലെ റൂമിന്റെ ബാത്ത്റൂമിലെ വിൻഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയാണ് ചെയ്തത്.
എന്നാൽ പോലീസ് ചമഞ്ഞ് നടത്തിയ ഓപ്പറേഷൻ ആയതിനാൽ ഡിസിപി ആമോസ് മാമൻ ഐപിഎസിന്റെ മേൽ നോട്ടത്തിൽ നടക്കാവ് പോലീസും, ഡാൻസാഫ് സ്ക്വാഡും അന്വേഷണം നടത്തിയതും മൂന്നാഴ്ചക്കുള്ളിൽ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ വലയിലാക്കാൻ സാധിച്ചതും.