നെടുമങ്ങാട്: ചൂഴ ചെറുകുന്നിൽ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട ഉടമയുടെ ആറ് പവന്റെ മാല പിടിച്ചു പറിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികൾ മറ്റ് രണ്ട് കുറ്റവാളികളെ ക്വട്ടേഷൻ മാതൃകയിൽ ഉപയോഗിച്ചാണ് മാല കവർന്നതെന്നു പോലീസ് പറഞ്ഞു.
വെള്ളനാട് ചാരുപാറ തടത്തരികത്ത് പുത്തൻ വീട്ടിൽ എസ്. കുഞ്ഞുമോൻ ( 24), കമ്പനിമുക്ക് ശാന്തഭവനിൽ ആർ. ശ്രീകാന്ത് (19), തൊളിക്കോട് മന്നൂർ കോണത്ത് സ്വദേശി ആർ. റംഷാദ് (21), കുഞ്ഞുമോന്റെ ഭാര്യ ആര്യനാട് ചൂഴ ലക്ഷ്മി ഭവനിൽ എസ്. സീതാലക്ഷ്മി (19) എന്നിവരാണ് പിടിയിലായത്.
ചൂഴ ഗ്രേസ് കോട്ടേജിൽ ബി. പുഷ്പലതയുടെ മാലയാണ് ഏപ്രിൽ 16 ന് ഉച്ചയ്ക്ക് നഷ്ടപ്പെട്ടത്. കുഞ്ഞുമോൻ ഗംഗാമല കോളനിയിൽ താമസിക്കുന്ന വിമലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ഉപയോഗത്തിന് വാങ്ങിയ ശേഷം കഞ്ചാവ് കച്ചവടം നടത്തുന്നതിന് സഹായിയായി പ്രവർത്തിച്ച ശ്രീകാന്ത്, റംഷാദ് എന്നിവർക്ക് നൽകി.
തുടർന്ന് പുഷ്പലതയുടെ മാല പൊട്ടിച്ച് വന്നാൽ വിറ്റ് കാശാക്കി തരാമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഇരുവരും വാഹനത്തിൽ കടയിൽ എത്തി മാല കവരുകയായിരുന്നു.
മാല കാട്ടാക്കടയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ 1,60,000 രൂപയ്ക്ക് വിറ്റു. ശേഷം 30,000 രൂപ വീതം മാല പിടിച്ചു പറിച്ചവർക്കും നൽകിയെന്നു പോലീസ് പറഞ്ഞു.