പത്തനാപുരം: ഇലയില്‍ 130 രൂപാ വിലയുളള ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയില്‍ നാരാങ്ങ കിഴിച്ച് ഇറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം, സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും.
ഇക്കഴിഞ്ഞ മേയ് 16 ന് പത്തനാപുരത്ത് മോഷണം നടന്ന സ്വകാര്യ ധനകാര്യ സ്ഥാപത്തില്‍ കണ്ട കാഴ്ച ഇതായിരുന്നു. മോഷണം തമിഴ്നാട്ടുകാരുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ഈ തന്ത്രം.
എന്നാല്‍ മോഷ്ടാവിന്റെ വലയില്‍ വീഴാതെ പഴുതടച്ച അന്വേഷണം നടത്തിയ പോലീസ് 19 ദിവസം കൊണ്ട് ഫൈസല്‍ രാജെന്ന കൊടും കളളനെ പിടികൂടുകയായിരുന്നു.
ഒരു കിലോ തൂക്കം വരുന്ന മോഷ്ടിച്ച സ്വര്‍ണവും കണ്ടെടുക്കാനായി എന്നതും പോലീസിന് ഒരു പൊന്‍തൂവലാണ്.യാതൊരു തെളിവുകളും നല്‍കാതെയുളള മോഷണമാണ് നടത്തിയതെങ്കിലും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫൈസലിലേക്ക് എത്തിയത്.
മേയ് 15 ഞായറാഴ്ച രാത്രിയിലാണ് മോഷണം നടത്തിയതെങ്കിലും പിറ്റേന്ന് ബാങ്കില്‍ എത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്.
മനോവിഷമത്താല്‍ ബാങ്ക് ഉടമ രാമചന്ദ്രന് നായന് ആത്മഹത്യ ശ്രമം വരെ നടത്തിയിരുന്നു. പത്തനംത്തിട്ട ജില്ലയിലെ പ്രമാടം അച്ചൻകോവിലാറിന്റെ തീരത്ത് മരത്തില്‍ നിന്നാണ് മോഷ്ടിച്ച സ്വർണ്ണം പോലീസ് കണ്ടെത്തിയത്.
എര്‍ണാകുളത്തെ വിവിധ ബാങ്കുകളില്‍ പണയം വെച്ച 300 ഗ്രാം സ്വര്‍ണം കണ്ടെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പരിശോധിച്ചത് രണ്ട് ലക്ഷം ഫോണ്‍ കോളുകള്‍
മോഷണം നടന്ന മേയ് പതിനഞ്ചാം തീയതിയിലേതടക്കം രണ്ട് ലക്ഷത്തോളം ഫോണ്‍ രേഖകളാണ് പോലീസ് പരിശോധിച്ചത്. പത്തനാപുരത്ത് നിന്നും എര്‍ണാകുളത്തെ ധനകാര്യ സ്ഥാപനത്തിലേക്ക് വിളിച്ച ഫൈസലിന്റെ ഫോണ്‍ വിളിയാണ് വഴിത്തിരിവായത്.
സ്വര്‍ണം മറ്റൊരാളുടെ സഹായത്തോടെ വിവിധ ബാങ്കുകളില്‍ പണയംവെക്കുകയും ചെയ്തതായി കണ്ടെത്തി. കൂടുതല്‍ സമയവും ഫൈസലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
പുലര്‍ച്ചെ സമയങ്ങളില്‍ മാത്രമാണ് ഇയാള്‍ ഫോണ്‍ ഓണാക്കിയിരുന്നത്. ഉറക്കമുളച്ച് പ്രതിക്കായി വലവിരിച്ച് പത്തനംത്തിട്ട പ്രമാടത്ത് വച്ച് ഫൈസലിന്റെ അരികിലെത്തിയെങ്കിലും പോലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപെട്ടിരുന്നു.
തുടര്‍ന്ന് തിരുനെല്‍വേലി, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ ഒളിവില്‍ പോയങ്കിലും പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പത്തനംത്തിട്ട കോടതിയില്‍ പ്രതി ഫൈസല്‍ രാജ് കീഴങ്ങിയത്.
സ്വര്‍ണം കണ്ടെത്തിയത് മരത്തില്‍ നിന്ന്
പത്തനംത്തിട്ട പ്രമാടം അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു മോഷ്ടിച്ച സ്വർണങ്ങൾ.
പാന്റില്‍ പൊതിഞ്ഞ നിലയില്‍ മരക്കൊമ്പിലാണ് സ്വര്‍ണം കെട്ടിത്തൂക്കിയത്. പണയം വെച്ച നിരവധി കെട്ട് താലികളും ഇതില്‍ ഉണ്ടായിരുന്നു.
ഫൈസല്‍ നിരവധി കേസുകളിലെ പ്രതി
വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 ഓളം കേസിലെ പ്രതിയാണ് പിടിയിലായ ഫൈസല്‍. വാഹനമോഷണമാണ് ഇഷ്ട വിനോദം.വനിതാ മജിസ്ട്രേറ്റിന് അശ്ലീല സന്ദേശം അയച്ച കേസും. വെഞ്ഞാറുംമൂട്ടില്‍ നിന്ന് ലോറിയുമായി റബ്ബര്‍ ഷീറ്റ് കടത്തിയതും കേസുകളില്‍ പെടും.