കോട്ടയം: തന്റെ പേരിൽ പ്രചരിക്കുന്നതു വ്യാജ ശബ്ദരേഖയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരള കോണ്ഗ്രസ് നേതാവ് ജോണി നെല്ലൂർ. വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണെന്നും എൽഡിഎഫ് മുന്നണി കരുതികൂട്ടി ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേറ്റ് കാറും കോർപറേഷൻ ചെയർമാൻ സ്ഥാനവും തന്നാൽ പാർട്ടി മാറാമെന്നു ജോണി നെല്ലൂർ പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ രാഷ്്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി മാറാൻ സഹായിക്കണമെന്നു കേരള കോണ്ഗ്രസ് എമ്മിലെ ഒരു നേതാവിനോട് അഭ്യർഥിക്കുന്നു എന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്.
ശബ്ദരേഖ പുറത്തു വിട്ട ആളെ അറിയുക പോലുമില്ലെന്നു ജോണി നെല്ലൂർ പറഞ്ഞു. ഇതൊന്നും എന്റെ സംഭാഷണമല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുമായി വ്യക്തിബന്ധമുള്ള എനിക്കു യാതൊരു ബന്ധമില്ലാത്തയാളോടു ഇത്തരമൊരു അഭ്യർഥന നടത്തേണ്ട ഗതിക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ അപമാനിക്കാനും തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുമുള്ള നീക്കം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.