കോട്ടയം: ഒരു മരത്തിനു കോടാലി വയ്ക്കുന്നു എന്ന വിവരം കേട്ടാൽ എവിടെയാണെങ്കിലും ഓടിയെത്തും.
മരത്തെ കെട്ടിപുണർന്നു നിൽക്കും കോടാലിയുമായി നിൽക്കുന്ന മരംവെട്ടുകാരനോട് കൈകൂപ്പി അപേക്ഷിക്കും ഈ കുഞ്ഞിനെ കൊല്ലരുത്.
ഇതിനെ ഞാൻ പ്രാണനെപോലെ നോക്കിക്കൊള്ളാം. ഇതാണ് കെ. ബിനു എന്ന കോട്ടയംകാരുടെ പ്രിയപ്പെട്ട ബിനുമാഷ്.
കഴിഞ്ഞ 30 വർഷമായി കോട്ടയത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും കാവലാളാണു വാഴൂർ സ്വദേശിയായ ഈ പ്രകൃതി സ്നേഹി.
റോഡ് വികസനത്തിന്റെ ഭാഗമായി കോട്ടയം ശാസ്ത്രി റോഡിലെ മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചപ്പോൾ മഹാപ്രതിരോധം തീർത്തത് ബിനുവായിരുന്നു.
റോഡിനിരുവശവുമുള്ള 56 മരവും വെട്ടിമാറ്റാനായിരുന്നു അധികൃതരുടെ തീരുമാനം. അപൂർവമായി മാത്രം കാണുന്ന നാഗലിംഗ മരം വെട്ടാനുള്ള തീരുമാനത്തിനെത്തിരെയാണ് ബിനു പ്രതിഷേധത്തിന്റെ പടവാൾ തീർത്തത്.
ജില്ലാ ട്രീ കമ്മിറ്റിയംഗം കൂടിയായ ബിനുവിന്റെ പ്രതിഷേധത്തിനു മുന്പിൽ പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കും പിൻമാറേണ്ടി വന്നു.
10 മരങ്ങൾ ഒഴിച്ച് 46 മരങ്ങൾ സംരക്ഷിക്കാൻ ഇദ്ദേഹത്തിന്റെ പ്രതിഷേധത്തിനു കഴിഞ്ഞു.
ഇന്ന് കോട്ടയത്തിന്റെ മനോഹരമായ ശാസ്ത്രി റോഡിനെ നാഗലിംഗ മരം ഉൾപ്പെടെയുള്ള 46 മരങ്ങളാണു പച്ചപ്പണിയിക്കുന്നത്.
ബിനുവിന്റെ വാഴൂരിലുള്ള വീടും പരിസരവും ഒരു പച്ചത്തുരുത്താണ്. വ്യത്യസ്തവും ആപൂർവവുമായ 200ൽ പരം മരങ്ങൾ വീട്ടുമുറ്റത്തെ ഹരിതാഭമാക്കുന്നു.
മരങ്ങളുടെ ഡോക്ടർ കൂടിയാണ് ബിനു. കേരളത്തിനകത്തും പുറത്തുമായി കേടുസംഭവിച്ചതും നാശം സംഭവിച്ചതുമായ അന്പതിൽപ്പരം മരങ്ങളാണ് ബിനുവിന്റെ നേതൃത്വത്തിൽ മരുന്നു നൽകി ചികിത്സിച്ച് ഭേദമാക്കിയത്.
നൂറു വർഷം പഴക്കമുള്ള മരങ്ങൾ വരെ ബിനു മാഷിന്റെ ചികിത്സയിൽ വീണ്ടും പൂത്തു തളിർത്തിട്ടുണ്ട്.
സുഹൃത്തുക്കൾക്കും സ്നേഹിതർക്കും വിവാഹം, ജൻമദിനം, ഗൃഹപ്രവേശം എന്നി ചടങ്ങുകളിൽ സമ്മാനമായി വൃക്ഷത്തൈ നൽകുന്ന ഗിഫ്റ്റ് എ ട്രീ പദ്ധതിക്കു തുടക്കമിട്ടതും ബിനുമാഷായിരുന്നു..
ഉള്ളായം യുപി സ്കൂളിലെ ഹിന്ദി അധ്യാപകനായ ബിനുവിനു വനമിത്ര, പ്രകൃതി മിത്ര, ഇലഞ്ഞി മുത്തശി, പരിസ്ഥിതിമിത്ര തുടങ്ങി ഇരുപതോളം അവാർഡുകളും ലഭിച്ചിട്ടുണ്ട്.