കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
മെമ്മറി കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയാണെന്നും, എന്നൊക്കെ കാർഡ് തുറന്നു പരിശോധിച്ചുവെന്നും അറിയണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.
ഇതിനായി ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകും. ഈ ആവശ്യം ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ഉന്നയിച്ചിരുന്നുവെങ്കിലും വിചാരണക്കോടതി അതു നിരസിക്കുകയായിരുന്നു.
ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് അനുമതി നൽകണമെന്നാണു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി ഒന്നര മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
രണ്ടു മൊബൈൽ ഫോണുകൾ എവിടെ?
കേസിൽ നിർണായകമായേക്കാവുന്ന രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്.
നടൻ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടി.എൻ. സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇനി കണ്ടെത്താനുള്ളത്. ഇവ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു.
വീണ്ടും ചോദ്യം ചെയ്യും
കേസിൽ നടി കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിയതായും സൂചനയുണ്ട്.
ഫോറൻസിക് പരിശോധനാ ഫലം നിർണായകമാകും
ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധന ഫലത്തിനായി അന്വേഷണ സംഘം കാക്കുകയാണ്. ശബ്ദ സാബിളുകൾ, ഓഡിയോ മെസേജുകൾ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്.
ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്ത്, ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദ പരിശോധന,
ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകൾ എന്നിവയുടെ ആധികാരികത തെളിയിക്കാൻ ഫോറൻസിക് പരിശോധനാഫലം ലഭിക്കേണ്ടതുണ്ട്. ഇവ കേസിൽ നിർണായകമാകും.