കട്ടപ്പന: വിവാഹ ജീവിതത്തിന്റെ നിറമുള്ള 75 വർഷങ്ങൾ പിന്നിടുന്പോഴും ജോസഫിന്റെയും മറിയാമ്മയുടെയും ചുണ്ടിൽ ആ പുഞ്ചിരിയുണ്ട്.
ഏഴര പതിറ്റാണ്ടു മുന്പ് വിടർന്ന ആ പുഞ്ചിരിക്കും സ്നേഹത്തിനും ഇന്നും തെല്ലും മാറ്റു കുറഞ്ഞിട്ടില്ല.
ലബ്ബക്കട തച്ചുകുന്നേൽ ജോസഫും (കുഞ്ഞ്-93) മറിയാമ്മയും (മാമി-89)യുമാണ് വിവാഹജീവിതത്തിന്റെ ഏഴരപതിറ്റാണ്ട് നിറവിലെത്തിയിരിക്കുന്നത്.
1947 മേയ് 21ന് പാലാ കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. അന്നു ജോസഫിനു പ്രായം 18ഉം മാമിക്കു പ്രായം 14ഉം ആയിരുന്നു.
വിവാഹം കഴിഞ്ഞു മൂന്നു വർഷത്തോളം കഴിഞ്ഞാണ് തങ്ങൾ കാര്യമായി വർത്തമാനം പറഞ്ഞതെന്നു മാമിച്ചേടത്തി പറയുന്നു.
ഇരുവർക്കും ഇന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ജോസഫ് ചേട്ടന്റെ ആരോഗ്യ രഹസ്യം.
75 വർഷം പൂർത്തിയായെങ്കിലും ഇതുവരെ ഒരു കാര്യത്തിലും കാര്യമായ അഭിപ്രായ വ്യത്യാസങ്ങളോ വലിയ പിണക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു.
ഇടമുറിയാത്ത പ്രാർഥനയാണ് തങ്ങളുടെ ജീവിതത്തിന്റെ ശക്തിയെന്നു വിശ്വസിക്കുന്ന ദന്പതികൾക്ക് ആറു മക്കളാണ്.
ഇവരിൽ മൂന്നു പേർ ദൈവശുശ്രൂഷാ രംഗത്താണ്. സിസ്റ്റർ സുമ (ജർമനി), ഫാ. ജോസ് തച്ചുകുന്നേൽ (ബംഗളൂരു), സിസ്റ്റർ അമൽ തച്ചുകുന്നേൽ (പത്തനംതിട്ട) എന്നിവരാണ് ദൈവവിളി സ്വീകരിച്ചത്.
മറ്റു മക്കളായ ലിസി ജോസഫ് തച്ചുകുന്നേൽ, മിനി ജോഷി കുരിയൻപ്ലാക്കൽ, ഷൈജു ജോസഫ് തച്ചുകുന്നേൽ എന്നിവരും കാഞ്ചിയാർ നിവാസികളാണ്.
വിവാഹജീവിതം എന്നത് പളുങ്ക് പാത്രം പോലെ നിർമലമായ ഒന്നാണെന്നു വിവാഹത്തിന്റെ ജൂബിലിയിൽ ഇരുവരും പറയുന്നു.