കോഴിക്കോട്: രാത്രി ടൗണിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പതിനാറുകാരന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.
യുവതിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കേസെടുക്കാതെ പോലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. കുന്നമംഗലം ടൗണില്‍ ചൊവാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം.
ചിത്രകാരിയായ യുവതിക്കുനേരേയാണ് ആക്രമണം നടന്നത്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളില്നിന്നു രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
ചൊവാഴ്ച രാത്രി എട്ടരയോടെ കുന്നമംഗലത്ത് ബസിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ഇവര്‍. തെരുവുവിളക്ക് ഇല്ലാത്ത സ്ഥലത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്.
കുന്നമംഗലം പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. അവിടെനിന്ന് ഒരാള്‍ തന്നെ പിന്തുടര്ന്നു വന്നതായി യുവതി പറഞ്ഞു.
തെരുവുവിളക്കുകളൊന്നും ഇല്ലാത്ത ഭാഗത്ത് എത്തിയപ്പോള്‍ അവന് യുവതിയെ കയറിപ്പിടിച്ചു, വലിച്ചിഴച്ചു. മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു.
ആ സാഹചര്യത്തില്‍ പതറാതെനിന്ന് അവനെ ചവിട്ടി താഴെയിട്ടു. അലറിയപ്പോള്‍ അവന് ഓടി. യുവതിയും പിറകേ ഓടി.
യുവതിയുടെ അലര്‍ച്ച കേട്ട് ആള്ക്കാര് കൂടുകയും പിടികൂടുകയും ചെയ്തു. നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
എന്നാല്‍ പോലീസ് പരാതിയില്ലെന്നു പറഞ്ഞ് പതിനാറുകാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
ഇന്നലെ യുവതി നല്കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.