പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്യാനായി നിശ്ചിത തുക കൈക്കൂലിയായി ആവശ്യപ്പെട്ടു വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് സംഘത്തിന്റെ പിടിയിൽ. 5,000 രൂപ
കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെറുകോൽ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനുവിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ചെറുകോൽ സ്വദേശിയായ ഷാജി ജോൺ കഴിഞ്ഞ മേയ് പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നൽകിയിരുന്നു.
നാലു തവണ നേരിട്ടെത്തിയും നിരവധി തവണ ഫോൺ മുഖേനയും പോക്കുവരവിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോൾ ഇതു ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയിൽ കുറച്ചു പൈസ കരുതിക്കോളാൻ പറയുകയും ചെയ്തു.
പോക്കുവരവിന് 5,000
തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ ഷാജി ജോണിനോട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനു കൈക്കൂലിക്കു വേണ്ടി കൈനീട്ടുകയും 500 രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ അതുപോരാ എന്നുപറയുകയും ചെയ്തു.
എത്രയാണ് വേണ്ടതെന്നു ചോദിച്ചപ്പോൾ,വില്ലേജ് ഓഫീസറായ രാജീവ് 5,000 രൂപ ആവശ്യപ്പെട്ടതായി പറയുന്നു.
തിങ്കളാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനുവിന്റെ ഫോണിൽനിന്നെത്തിയ മിസ്ഡ് കോൾ കണ്ട് ഷാജി തിരികെ വിളിച്ചപ്പോൾ 5,000 രൂപയുമായി ഇന്നലെ ഉച്ചയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തിയാൽ പോക്കുവരവ് നടപടി പൂർത്തിയാക്കിത്തരാം എന്നറിയിച്ചു.
ഈ വിവരം ഷാജി ജോൺ പത്തനംതിട്ട യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി ഹരിവിദ്യാധരനെ അറിയിച്ചു.
പിടിവീണു
വിജിലൻസ് ഡിവൈഎസ്പിയും സംഘവും ഇന്നലെ ഉച്ചയോടെ ചെറുകോൽ വില്ലേജ് ഓഫീസിലെത്തിയിരുന്നു.
വിജിലൻസ് സംഘം അടയാളപ്പെടുത്തി നൽകിയ നോട്ടുകളുമായി ഷാജി ഉച്ചയോടെ വില്ലേജ് ഓഫീസിൽ പ്രവേശിക്കുകയും 5,000 രൂപ വില്ലേജ് ഓഫീസർക്കു കൈമാറുകയും ചെയ്തു.
പണം വാങ്ങുന്പോൾ വില്ലേജ് ഓഫീസർക്കൊപ്പം ഫീൽഡ് അസിസ്റ്റന്റ് ജിനുവും ഉണ്ടായിരുന്നു. പണം സ്വീകരിക്കുന്പോൾത്തന്നെ വിജിലൻസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായവരെ പ്രാഥമിക നടപടിക്രമം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞ ആറു മാസത്തിനിടെ നേരിട്ടു കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്ന പത്തനംതിട്ട വിജിലൻസ് യൂണിറ്റിന്റെ രണ്ടാമത്തെ കേസാണിത്. ഓമല്ലൂർ വില്ലേജ് ഓഫീസറെയാണ് ഇതിനു മുന്പ് പിടികൂടിയത്.
ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ രാജീവൻ, അനിൽ കുമാർ, അഷറഫ്, സബ് ഇൻസ്പെക്ടർമാരായ ജലാലുദീൻ റാവുത്തർ സിപിഒമാരായ രാജേഷ് കുമാർ, ഷാജി പി. ജോൺ, ഹരിലാൽ, അനീഷ് രാമചന്ദ്രൻ, അനീഷ് മോഹൻ, ഗോപകുമാർ, ജിനു, അജീർ, അജീഷ്, രാജീവ്, വിനീത് തുടങ്ങിയവരും ഉണ്ടായിരുന്നു.