നാദാപുരം: ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് നാദാപുരം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ തല്ല് നടന്നത്.
ചോറോട് ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥികളും, നാദാപുരം മോഡൽ സ്കൂൾ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്.
സ്റ്റാൻഡിലുണ്ടായിരുന്ന ബസ് ജീവനക്കാരും മറ്റും വിദ്യാർഥികളെ പിടിച്ച് മാറ്റിയെങ്കിലും തല്ലിന് അറുതി വന്നില്ല.
വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്.
ചോറോട് സ്കൂൾ വിദ്യാർഥികൾഎങ്ങനെ നാദാപുരത്ത് എത്തി എന്ന് ചോദിച്ചപ്പോൾ സ്ഥലം കാണാൻ വന്നതെന്നായിരുന്നു മറുപടി.
സംഘർഷക്കാരെ പോലീസെത്തി സ്റ്റേഷനിൽ എത്തിച്ച് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തമ്പടിക്കുന്ന വിദ്യാർഥികൾ ഏറെ വൈകിയാണ് വീടുകളിലേക്ക് മടങ്ങുന്നതെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു.
സ്റ്റാൻഡിന് പിൻവശം തമ്പടിക്കുന്ന വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവാണെന്നും ഇവിടെ പോലീസിന്റെ സാനിധ്യം ഉറപ്പാക്കണമെന്നും വ്യാപാരികൾ പറഞ്ഞു.