ചെറായി: സ്വകാര്യ ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കുഴുപ്പിള്ളി സ്വദേശിയായ യുവാവിനെ മുനന്പം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.
താൻ നിരപരാധിയാണെന്നും സംഭവസമയം 15 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും അതിനു തെളിവുകളും സാക്ഷികളുമുണ്ടെന്നാണ് ഇയാൾ പറയുന്നത്.
ഇതേത്തുടർന്ന് ഇയാളെ ഡിഎൻഎ ടെസ്റ്റിനു വിധേയനാക്കാനാണ് നീക്കം.
ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി പ്രതിയെ കണ്ടിരുന്നില്ല. പ്രതിയാകട്ടെ കൃത്യം നടത്തിയശേഷം കുഴുപ്പിള്ളി ചെറുവൈപ്പ് കവലയിൽ ബസ് ഇറങ്ങി മുങ്ങുകയായിരുന്നു.
അജ്ഞാതനായ പ്രതിക്കായി ബസ് ജീവനക്കാർ നൽകിയ സൂചനകളനുസരിച്ച് രേഖാചിത്രം തയാറാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്.
കറുത്ത് ഉയരം കുറഞ്ഞ പ്രതിയുടെ ഇടതുകൈയിൽ ആശുപത്രിയിൽനിന്നു കെട്ടിക്കൊടുക്കുന്ന ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നതായി ബസ് കണ്ടക്ടറുടെ മൊഴിയിൽ ഉണ്ടായിരുന്നു.
ഇതുപ്രകാരം പോലീസ് പ്രാദേശികമായി ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിലാണ് കുഴുപ്പിള്ളി സ്വദേശിയായ യുവാവ് കസ്റ്റഡിയിലായത്.
കണ്ടക്ടർ ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതി കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് ഡിഎൻഎ ടെസ്റ്റ് നടത്തുന്നത്.