കോട്ടയം: കോട്ടയത്തെ യൂത്ത് കോണ്ഗ്രസിന്റെ ബിരിയാണിച്ചെന്പ് പ്രതിഷേധത്തിൽ 40 പേർക്കെതിരേ പോലീസ് കേസെടുത്തു.
ഇന്നലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
പ്രതിഷേധത്തിന്റെ ഭാഗമായി കളക്ടറേറ്റ് വളപ്പിൽ കടന്ന പ്രവർത്തകർ ബിരിയാണിച്ചെന്പ് വച്ചാണു പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 40 യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസറ്റർ ചെയ്തിരിക്കുന്നത്.
കളക്്ട്രേറ്റ് വളപ്പിൽ പ്രവേശിച്ച 15 പേരെ അറസ്റ്റു ചെയതശേഷം ജാമ്യത്തിൽ വിടുകയും പരിക്കേറ്റ ആറു പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോട്ടയം ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു.
ഇവിടെനിന്നും ജില്ലാ പഞ്ചായത്ത് ഭാഗത്തേക്കു പ്രവർത്തകർ പ്രകടനമായി നീങ്ങി. ഇതിനിടെ യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടി കളക്ടറേറ്റ് വളപ്പിൽ കടന്നു.
കുറച്ച് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഗേറ്റിലെ ബാരിക്കേഡ് മറികടന്നും ഉള്ളിൽ പ്രവേശിച്ചു. ഇവിടെയാണ് സംഘർഷമുണ്ടായത്.
പോലീസ് വലയം ഭേദിച്ചു കളക്ടറേറ്റ് വളപ്പിൽ കടന്ന പ്രവർത്തകർ കളക്ടറുടെ ഓഫീസിനു താഴെ കാർപോർച്ചിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിലും നേരിയ സംഘർഷമുണ്ടായി.
പോലീസിന്റെ ഉന്തിലും തള്ളിലുമാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റത്. കളക്ടറേറ്റ് വളപ്പിനുള്ളിലെ സംഘർഷ വിവരമറിഞ്ഞ് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ള മുതിർന്ന കോണ്ഗ്രസ് നേതാക്കൾ സ്ഥലത്തെത്തി.
പിന്നീട് നാട്ടകം സുരേഷ് അടക്കം മുഴുവൻ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോട്ടയം ഡിവൈഎസ്പി കെ. സന്തോഷ് കുമാർ, എസ്എച്ച്ഒമാരായ അനൂപ് കൃഷ്ണ, യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.