ചെറായി: ചെറായി ദേവസ്വം നടയിലെ പെട്രോൾ പന്പിൽ മോഷണം. 1.35 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു.
ഇന്നു പുലർച്ചെ 3.30 രംഭാ ഫ്യൂവൽസിലാണ് മോഷണം നടന്നത്. ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന രാത്രിയിലെ കളക്ഷനാണ് നഷ്ടമായത്.
രാത്രി പത്തോടെ പന്പ് അടച്ചപ്പോൾ ജീവനക്കാർ കളക്ഷൻ മേശക്കുള്ളിൽവച്ച് പൂട്ടിയാണ് പോയത്.
കാമറയിൽ പതിഞ്ഞത്
മോഷ്ടാവ് പെട്രോൾ പന്പിനു സമീപത്തുള്ള ആലിനു പിന്നിലൂടെ എത്തി ആയുധം കൊണ്ട് മുൻവശത്തെ ഡോർ കുത്തിപ്പൊളിക്കുന്നതും അകത്ത് കയറി മോഷണം നടത്തി തിരികെ നടന്നു പോകുന്നതുമായ രംഗങ്ങൾ സ്ഥലത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവാവാണെന്ന് തോന്നിക്കുന്നയാളാണ് മോഷണം നടത്തിയിരിക്കുന്നത്.
ഇയാൾ മുഖത്ത് ടവ്വൽ ഇട്ട് മറിച്ചിട്ടുണ്ടായിരുന്നു. കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.
ഈ സമയം പുലർച്ചെ പത്രം എടുക്കാൻ വന്ന ഏജന്റ് ആളെ അവിടെ കണ്ടെങ്കിലും ജീവനക്കാർ ആയിരിക്കുമെന്ന് കരുതി ഇയാളെ ഗൗനിച്ചില്ലത്രേ.
ജീവനക്കാർ എത്തിയപ്പോൾ
നേരം പുലർന്ന് ജീവനക്കാർ എത്തി ഓഫീസ് തുറക്കാൻ നോക്കിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ ലോക്ക് കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അകത്തു കയറി നോക്കിയപ്പോൾ പണവും ഫോണും മോഷണം പോയതായി മനസിലായി.
തുടർന്നു മുനന്പം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സിസിടിവി കാമറകൾ പരിശോധിക്കുകയുമായിരുന്നു.
പിന്നീടാണ് മോഷണ രംഗങ്ങൾ വ്യക്തമായത്. പരിസരങ്ങളിലെ മറ്റ് കാമറകൾ കൂടി പോലീസ് പരിശോധിച്ച് വരികയാണ്.
കോഴിക്കോട്ട് സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് 50,000 രൂപ കവര്‍ന്നു
കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ സിനിമാ സ്റ്റൈലില്‍ ജീവനക്കാരനെ കെട്ടിയിട്ടു കവര്‍ച്ച.
50,000 രൂപ കവര്‍ന്നു. ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു മോഷണം നടത്തിയത്.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം തുടരുകയാണ്.
മുളകുപൊടി വിതറി
ഇന്ന് പുലർച്ചെ 1.45 ഓടെയാണു കവർച്ച നടന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് മോഷ്ടാവ് ആദ്യം മുളകു പൊടി താഴേക്കു വിതറി.
സെക്യൂരിറ്റി ജീവനക്കാരൻ മുകളിലേക്കു പോയി നോക്കിയപ്പോൾ മോഷ്ടാവിനെ കണ്ടു. ഉടൻ തന്നെ താഴേക്ക് ഓടിയ സെക്യൂരിറ്റി ജീവനക്കാരനെ മോഷ്ടാവ് മർദിച്ച് അവശനാക്കുകയായിരുന്നു.
പിന്നീടു സെക്യൂരിറ്റി ജീവനക്കാരന്റെ കൈകൾ കെട്ടിയിട്ട ശേഷം പണം തട്ടിയെടുത്തു മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. രാവിലെയാണു വിവരം പുറത്തറിഞ്ഞത്.
ഒരാൾ മാത്രം
പെതുവേ തിരക്കേറിയ കോട്ടൂളി പെട്രോള്‍ പമ്പില്‍ അക്രമം നടക്കുമ്പോള്‍ ഒരാള്‍മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പെട്രോൾ പമ്പിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.
കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി.
ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് മനസിലായത്.
എട്ടു കാമറകൾ
എട്ട് കാമറകളാണ് പമ്പിന് മുന്ഭാഗത്തുള്ളത്. രണ്ട് കാമറകള്‍ അകത്തും ഉണ്ട്. ഇതിലെ ദൃശ്യങ്ങളെല്ലാം പരിശോധിച്ചു വരികയാണ്.
മുന്ഭാഗത്തുകൂടിയല്ല മോഷ്ടാവ് വന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപകാലത്ത് ജില്ലയ്ക്ക് അകത്തും പുറത്തും നടന്ന സമാനസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
തിരുത്തിയാട് അജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടെ സഹോദരി ഭർത്താവാണ് അജിത് കുമാർ.