ഹരുണി സുരേഷ്
മക്കളെ പോലെ തന്നെ ലാളിച്ചു വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങൾക്കും ആവാം നിങ്ങളെപ്പോലെ അൽപം ചമയങ്ങളും ഒരുക്കങ്ങളും.
അതും വീടുകളിലെത്തി ഭംഗിയായി ചെയ്തു തരാൻ ആളുകളുണ്ടെങ്കിലോ നിങ്ങളുടെ സമയവും ലാഭിക്കാം. ഇതു പറയുന്നത് വേറെ ആരുമല്ല.
തങ്ങളുടെ മനസിൽ ഉരുത്തിരിഞ്ഞ ഒരു ആശയവുമായി ഈ അടുത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിന്റെ ഉപജ്ഞാതാക്കളായ ജോസ് മോനും ഡെറിക് പോളുമാണ്.
ജീവിതത്തിരക്കു മൂലം പലപ്പോഴും തങ്ങളുടെ വളർത്തോമനകളുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലുമൊക്കെ ശ്രദ്ധിക്കാൻ സമയമില്ലാത്ത നിരവധി പേരുണ്ടാകും.
ഇവരൊന്നും ഇനി നിരാശകേണ്ടെന്നാണ് ഇരുവരും പറയുന്നത്. ഒന്ന് വിളിച്ചാൽ മതി സർവ സന്നാഹങ്ങളുമായി ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിന്റെ വാഹനം നിങ്ങളുടെ വീട്ടുമുറ്റത്തെത്തും.
ഇത് വെറുമൊരു വാഹനമല്ല. നിങ്ങൾ വളർത്തുന്ന ഓമന മൃഗങ്ങളെ സുന്ദരികളും സുന്ദരൻമാരുമാക്കാൻ സർവസന്നാഹങ്ങളുമുള്ള സഞ്ചരിക്കുന്ന ഒരു ബ്യൂട്ടി പാർലറാണിത്.
മുടിയും നഖവും വെട്ടി കുട്ടപ്പനാക്കും
നിങ്ങളുടെ വളർത്തോമനകൾ പട്ടിയോ പൂച്ചയോ ഏത് ഇനത്തിൽപ്പെട്ടവ ആയാലും അതിന്റെ രൂപവും ഭാവവും അനുസരിച്ച് നല്ല സ്റ്റൈലായി മുടിവെട്ടും.
പിന്നെ വൃത്തിയായി കുളിപ്പിക്കും. നഖങ്ങൾ വെട്ടും. ചെവിയും പല്ലും വൃത്തിയാക്കും എന്നിങ്ങനെ പോകുന്നു ഓണ്‍ ദ സ്പോടിലെ സേവനങ്ങൾ.
മിനി വാനിനുള്ളിൽ ബാത്ത് ടബ്ബ്, ഡ്രയർ തുടങ്ങിയ എല്ലാ സജീകരണങ്ങളുമുണ്ട്. ജോസ് മോനെയും ഡെറിക്കിനെയും സഹായിക്കാനായി പരിശീലനം ലഭിച്ച രണ്ട് സുഹൃത്തുക്കളേയും കൂടെ കൂട്ടിയിട്ടുണ്ട്.
കാത്തുനിൽപ്പിന്റെ ആവശ്യമില്ല
ഓമന മൃഗങ്ങളുമായി ഗ്രൂമിംഗ് സെന്ററിൽ പോയി കാത്തിരിന്നു സമയം കളയണ്ട എന്നതാണ് ഓണ്‍ ദ സ്പോട്ട് മൊബൈൽ ഗ്രൂമിംഗ് തെരഞ്ഞെടുക്കുന്നതിന്റെ മെച്ചമെന്ന് ജോസ് മോനും ഡെറിക്കും പറയുന്നു.
നഗരത്തിലെ ഒരു ഗ്രൂമിംഗ് സെന്ററിൽ രജിസ്റ്റർ ചെയ്ത് ടോക്കണ്‍ കിട്ടിയാൽ സ്ഥലത്തെത്തി നീണ്ട കാത്തിരിപ്പു തന്നെ വേണ്ടി വരും.
എന്നാൽ ഓണ്‍ ദ സ്പോട്ടിൽ ഇതിന്റെ ആവശ്യമില്ല. ഓണ്‍ലൈനിലോ സോഷ്യൽ മീഡിയ വഴിയോ മൊബൈലിലോ ബന്ധപ്പെട്ടാൽ മതി സേവനം നിങ്ങളുടെ പടിവാതുക്കൽ എത്തും.
ബികോംകാരുടെ മനസിൽ ഉരുത്തിരിഞ്ഞ സ്റ്റാർട്ട് അപ്
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് സ്വദേശികളായ ജോസ്മോന്റെയും ബന്ധു ഡെറിക് പോൾ ജോയിയുടേയും ഒരു സ്റ്റാർട്ടപ് ആണ് ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗ്.
ചെറുപ്പത്തിലെ തന്നെ വളർത്തുമൃഗങ്ങളോട് വളരെ താൽപര്യം ഉണ്ടായിരുന്ന ഇരുവരും പഠിച്ച് ബികോം ബിരുദം സന്പാദിച്ചെങ്കിലും ഓമന മൃഗങ്ങളോടുള്ള കന്പം അപ്പോഴും മാറിയില്ല.
ഈ കന്പത്തിന്റെ ഭാഗമായി ഒരു പെറ്റ്ഷോപ്പ് ആണ് ഇവർ ആദ്യം ആരംഭിച്ചത്. പിന്നീട് ഒരു കെന്നലും തുടങ്ങി.
തുടർന്നാണ് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിനെക്കുറിച്ച് ചിന്തകൾ തുടങ്ങിയത്. അങ്ങനെ ആറുമാസത്തിനു മുന്‍പ് ഇതും ആരംഭിച്ചു.
പെറ്റ്സ് ഗ്രൂമിംഗിന് ഒരു വിദേശ മാതൃക
സംസ്ഥാനത്ത് ആദ്യമായി ഇത്തരം ഒരു സംരംഭത്തിനു തുടക്കം കുറിച്ചത് ജോസും ഡെറിക്കുമാണെന്നാണ് ഇവരുടെ അവകാശവാദം.
എന്നാൽ ഇത് കേരളം പോലുള്ള സ്ഥലങ്ങളിൽ എത്രത്തോളം വിജയിക്കുമെന്ന ആശങ്ക ഇവരിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പന്പകടന്നുവെന്നാണ് ഇരുവരും പറയുന്നത്.
ഇതിനുശേഷം മറ്റു ചില സ്ഥാപനങ്ങളും സംസ്ഥാനത്ത് മൊബൈൽ പെറ്റ് ഗ്രൂമിംഗ് ആരംഭിച്ചിട്ടുണ്ടത്രേ. ഓണ്‍ ദ സ്പോട്ടിന്റെ സർവീസ് ഇപ്പോൾ എറണാകുളം ജില്ലയിൽ മാത്രമാണ് ഉള്ളത്.
ആലപ്പുഴ, കോട്ടയം, തൃശൂർ മേഖലയിൽ ആളുകൾ ആവശ്യപ്പെടുന്പോൾ പ്രത്യേക ഷെഡ്യൂളുകൾ ഉണ്ടാക്കി അങ്ങോട്ടും പോകാറുണ്ട്.