പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 20,000 രൂപയും രണ്ടര പവന് സ്വര്‍ണ്ണവും മോഷ്ടിച്ച പ്രതി വീട്ടിനുള്ളില്‍ കടന്ന രീതി കണ്ട് ഒരുപോലെ അമ്പരക്കുകയാണ് പോലീസും നാട്ടുകാരും.
മേയ് 24ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ പ്രതി ഈരാറ്റുപേട്ട നടക്കല്‍ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലിനെ (42) കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍വശത്തെ ജനലിന്റെ ഒരു കമ്പി ഏറെ നാളായി ഇല്ലായിരുന്നു. വീടിന്റെ മറ്റൊരു ഭാഗവും കുത്തിപ്പൊളിച്ചിരുന്നില്ല. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നത് വീട്ടുകാര്‍ക്ക് പുറമേ അന്ന് പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
വീടിനുള്ളില്‍ നിന്ന് വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതി പറഞ്ഞതും ജനല്‍ വഴി തന്നെ അകത്ത് കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ച് മോഷണ രീതി പുനരാവിഷ്കരിച്ചത്.
പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക് ചവിട്ടിക്കയറി മുകള്‍നിരയിലെ കമ്പിയില്‍ പിടിച്ച് ജനലിന്റെ ഒരു കമ്പിയില്ലാത്ത ഭാഗത്ത് കൂടി ആദ്യം കാല് അകത്തേക്കിട്ടാണ് പ്രതി അകത്തു കയറിയത്.
കൈയും തലയും ആദ്യം അകത്തിട്ടാല്‍ ചെറിയ വിടവിലൂടെ അകത്തേക്ക് കയറാനാവില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി 25 മോഷണ കേസുകളില്‍ പ്രതിയായ ഫൈസല്‍ നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളുമാണ്.
ഏറ്റുമാനൂര്‍, പാലാ, പയ്യന്നൂര്‍, തൊടുപുഴ, മൂവാറ്റുപുഴ, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലാണ് ഫൈസലിന് കേസുകളുള്ളത്.
എസ്.ഐമാരായ സി.ആര്. ഹരിദാസ്, ബൈജു പി. ബാബു, നിഖില്‍ കെ.കെ, പൊലീസ് ഓഫീസര്‍മാരായ എ.കെ. ജബ്ബാര്‍, ഉണ്ണികൃഷ്ണന്, പി.ജി. മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.