പോത്താനിക്കാട്: റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ജെസിബി വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
സംഭവമറിഞ്ഞെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ വാഹനം ബലമായി മോചിപ്പിച്ചു.
കേസെടുക്കുന്നെങ്കിൽ തനിക്കെതിരെ ആവട്ടെ എന്നും നാട്ടുകാരെ പീഡിപ്പിക്കരുതെന്നും എംഎൽഎ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലാണ് എംഎൽഎ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൊന്പുകോർത്തതും വാഹനം മോചിപ്പിച്ചതും.
ചാത്തമറ്റം-മുള്ളരിങ്ങാട് റോഡിന്റെ നിർമാണ സാമഗ്രികളിറക്കാൻ റോഡ് വക്കിലെ സ്ഥലം ജെസിബി ഉപയോഗിച്ച് നിരത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രകോപനത്തിന് കാരണം.
നിർമാണ സാമഗ്രികളിറക്കാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് വാഹനം ഡിഎഫ്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്.
നിർമാണം തടസപ്പെട്ടതോടെ വിഷയത്തിൽ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ഇടപെട്ടു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും വാഹനങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്.
ഇതേത്തുടർന്നു നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ഇന്നലെ രാവിലെ ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിച്ചെത്തി ഓഫീസ് വളഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ നടത്തിയ ചർച്ചയിലും വാഹനം വിട്ടുനൽകില്ലന്ന നിലപാടിൽതന്നെ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു.
എംഎൽഎ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ വാഹനം എടുക്കാൻ ഡ്രൈവർക്ക് എംഎൽഎ നിർദേശം നൽകുകയായിരുന്നു.
പൊതുവികസനത്തിന് പോലും തൊടുന്യായം പറഞ്ഞ് ജനദ്രോഹനടപടികൾ എടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ചാത്തമറ്റം-മുള്ളരിങ്ങാട് റോഡിന്റെ പണി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
തകർന്നു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നത് വളരെക്കാലമായി നാട്ടുകാരുടെ ആവശ്യമായിരുന്നു.
ഇടുങ്ങിയ വഴികളും കയറ്റിറക്കങ്ങളുമുള്ള ഈ ഹൈറേഞ്ച് റോഡ് കുറച്ചുദൂരം വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്.
ഗതാഗതയോഗ്യമല്ലാത്ത റോഡ് കാരണം ആളുകൾ രാത്രികാലങ്ങളിൽ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.