കാട്ടാക്കട: ഗിന്നസ് റിക്കാർഡിൽ ലോക ഗജരാജ പട്ടം നേടാൻ “ആന മുത്തച്ഛൻ’ സോമൻ കാത്തിരിക്കുന്നു. കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സോമൻ എന്ന കൊമ്പനാനയാണ് രാജ്യത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന എന്ന റിക്കാർഡ് സ്വന്തമാക്കാനിരിക്കുന്നത്.
കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച താപ്പാനയാണ് എൺപതു കഴിഞ്ഞ സോമൻ. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന സോമനാണെന്നാണ് കണക്കാക്കുന്നത്.
ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാർഡിൽഇടം നേടാനുള്ള പരിശോധനകൾ നടക്കുന്നത്. പരിശോധനകളിൽ അനുകൂലതീരുമാനമുണ്ടായാൽ സോമൻ ലോകഗജരാജ പട്ടത്തിനുടമയാവുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ 82 വയസുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്.
പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെ തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി തീരുമാനിച്ചത്.
ഇതിനായി വലിയ തുക വേണ്ടിവരുമെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. നിലവിൽ ഏഷ്യൻ, ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്.
ഇടഞ്ഞ ആനയെ അനുസരിപ്പിക്കാൻ അസാമാന്യ വഴക്കവും കരുത്തുമുള്ള സോമനെ കോന്നി ആനക്കൊട്ടിലിൽ നിന്നാണ് കാപ്പുകാട് എത്തിച്ചത്.