പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലും യുപിയിലെ സഹറാന്‍പുരിലും പ്രതിഷേധം.
വിവാദത്തില്‍ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം അറിയിച്ചു. ‘ആരാണു പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
അവര്‍ എഐഎംഐഎമ്മിന്റെയും അസദുദ്ദീന്‍ ഉവൈസിയുടെയും ആളുകളാണെന്നാണു തോന്നുന്നത്. അവര്‍ക്കു പ്രതിഷേധിക്കണമെങ്കില്‍ ആകാം, പക്ഷേ ഞങ്ങള്‍ പിന്തുണയ്ക്കില്ല’ ഇമാം ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പ്രാര്ത്ഥനയ്ക്കെത്തിയവരാണു പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പള്ളികള്‍ക്കു പുറത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൊറാദാബാദിലും സഹാരണ്പുറിലും പള്ളികള്‍ക്കു പുറത്ത് പ്രതിഷേധം നടന്നു.
വിവാദത്തെത്തുടര്‍ന്ന് നൂപുര്‍ ശര്‍മയെ നേരത്തേ ബിജെപിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡല്‍, എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി, മാധ്യമപ്രവര്‍ത്തക സബാ നഖ്വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ നൂപുര്‍ ശര്‍മയെ മാത്രമാണു പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിലാണ് മറ്റു 31 പേര്.