തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി.
യുവതിയുടെ അമ്മ തമ്പാനൂർ പോലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കിയ റിപ്പോർട്ട് ജൂലൈ 25 നകം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറും സമർപ്പിക്കണം. കേസ് ജൂലൈ 25 ന് പരിഗണിക്കും.
പരാതിക്കാരിയുടെ മകൾ രേവതി (29) 2021 ഓഗസ്റ്റ് 10 നാണ് എസ്എടിആശുപത്രിയിൽ മരിച്ചത്. പത്തിന് രാവിലെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രി അധികൃതർ നേരിട്ട് എസ്എടി ആശുപത്രിയിലെത്തിച്ചത്.
തൈക്കാട് ആശുപത്രിയിൽ രേവതിയെ ചികിത്സിച്ച ഡോക്ടറെ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കൽ ഓഫീസറെ രണ്ടാം പ്രതിയായും തമ്പാനൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
എന്നാൽ അതിനുശേഷം യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. രേവതിയുടെ മരണ സർട്ടിഫിക്കറ്റ് നഗരസഭ നൽകിയിട്ടില്ല.
ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്ന് പരാതിയിൽ പറയുന്നു.