അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശശിയെ അറസ്റ്റ് ചെയ്തു.
പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിൽ രമ (65) മരിച്ച കേസിലാണ് ഭർത്താവ് ശശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് രമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ നാലും ശരീരത്ത് മൂന്നും മുറിവുകളുണ്ടായിരുന്നെന്നും ഇതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു.
അസ്വാഭാവിക മരണത്തിനാണ് ആദ്യം പോലീസ് കേസെടുത്തത്. പിന്നീട് മകൻ ശരത് മരണത്തിൽ സംശയമുണ്ടെന്ന് അറിയിച്ചതോടെ ശശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ താനല്ല രമയെ കൊലപ്പെടുത്തിയതെന്നും മകൻ ശരത്തായിരിക്കാമെന്നും ശശി പോലീസിനോടു പറഞ്ഞു.
മരണസമയത്ത് ശരത് ചേർത്തലയിൽ എംബിഎ പരീക്ഷയ്ക്ക് പോയിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
ശശി കുറ്റം സമ്മതിക്കാതെ വന്നതോടെ വീണ്ടും ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തു.
രമയുടെ സഹോദരി മരണദിവസം രാവിലെ രമയുടെ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു.
തൊട്ടുപിന്നാലെ ഇവർ ശശിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രമ മരിച്ചുവെന്നായിരുന്നു ശശിയുടെ മറുപടി.
രമയുടെ മരണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ശശി പോലീസിനു നൽകിയത്. ഇതോടെ കേസ് തെളിയിക്കാൻ പോലീസ് സംഭവം പുനഃസൃഷ്ടിക്കേണ്ടി വന്നു.
ഫോറൻസിക് സർജൻ ഡോ. സ്നേഹൽ അശോകിന്റെ സാന്നിധ്യത്തിൽ സംഭവം നടന്ന വീട്ടിൽ പ്രത്യേക പരിശോധനയും നടന്നു.
പാർക്കിൻസൺ, ആസ്ത്മ രോഗങ്ങളുണ്ടായിരുന്ന രമയുടെ മരണം ആയുധം കൊണ്ടുള്ള ആക്രമണമല്ലെന്നും കൈ കൊണ്ടുള്ള ഇടിയാണെന്നും തെളിഞ്ഞു.
രമയും മകൻ ശരത്തും ശശിയുമായി പിണങ്ങി കഴിയുകയായിരുന്നു. മറ്റൊരു മുറിയിൽ തനിച്ചാണ് ശശി കഴിഞ്ഞിരുന്നത്.
പല തവണ രമയെ ശശി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. 12ലേറെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ശശിയാണെന്ന് കണ്ടെത്തുകയായിരുന്നു.
രമയെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ശശിയെ കോടതിയിൽ ഹാജരാക്കി.
അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി. നായരുടെ നിർദ്ദേശപ്രകാരം സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടോൾസൺ, ബൈജു, സിപിഒ മാരായ വിനിൽ എം.കെ, ടോണി, രാജീവ്, ബിനോയി, ദിനു, ഡ്രൈവർ അനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.