കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലും ഇവരുടെ പേര് പരസ്യപ്പെടുത്തിയ കേസിലും നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടി ഇന്നു വീണ്ടും പരിഗണിക്കും.
ഈ രണ്ടു കേസുകളിലും ഇന്ന് വരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലീസ് നീങ്ങും.
അതുകൊണ്ടുതന്നെ വിജയ്ബാബുവിന് ഇന്ന് നിർണായക ദിനമാണ്.ഏപ്രിൽ 22നായിരുന്നു നടി വിജയ് ബാബുവിനെതിരേ എറണാകുളം ടൗണ്‍ സൗത്ത് പോലീസിൽ പരാതി നൽകിയത്.
തന്നെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു നടി പരാതിയിൽ പറഞ്ഞിരുന്നത്.
പരാതിയിൽ സൗത്ത് പോലീസ് കേസെടുത്തിരുന്നു. പരാതിക്കു പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു.
അതിജീവിതയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് ഇയാൾക്കെതിരേ പോലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരുന്നു.
പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് പീഡന പരാതിയുമായി രംഗത്തെത്തിയതെന്നുമായിരുന്നു ഇയാൾ ലൈവിൽ ആരോപിച്ചത്.
തുടർന്ന് ഇയാൾ ഗോവ വഴി വിദേശത്ത് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോർജിയയിലേക്കും വിജയ് ബാബു കടന്നു.
കൊച്ചി സിറ്റി പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കുകയായിരുന്നു. ഇയാൾ മുൻകൂർ ജാമ്യഹർജിക്കായി കോടതിയെ സമീപിച്ചപ്പോൾ വിജയ് ബാബു നാട്ടിലെത്തിയിട്ട് കേസ് പരിഗണിക്കാമെന്ന ഉറച്ച നിലപാടിലായിരുന്നു കോടതി.
തുടർന്ന് കഴിഞ്ഞ ഒന്നിന് 39 ദിവസത്തെ ദുബായിലെ ഒളിവ് ജീവിതത്തിനുശേഷം വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ശേഷം എറണാകുളം സൗത്ത് പോലീസിൽ ഹാജരായി. പോലീസ് ഇയാളെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പരാതി ബ്ലാക്ക്മെയിലിന്റെ ഭാഗമാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
മൊഴിയെടുത്തത് 40 പേരുടേത്
കേസിൽ 40 പേരെടുത്തു മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം വിജയ്ബാബുവിന് വിദേശത്ത് ക്രെഡിറ്റ് കാർഡ് എത്തിച്ചുകൊടുത്ത നടൻ അടക്കമുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
വിജയ്ബാബുവിനെയും അതിജീവിതയെയും ആഢംബര ഹോട്ടലിൽ കണ്ട പ്രമുഖ ഗായകന്റെയും ഭാര്യയുടെയും മൊഴിയും രേഖപ്പെടുത്തുകയുണ്ടായി.