സിജോ പൈനാടത്ത്
കൊച്ചി: ‘ഞങ്ങളും മനുഷ്യരല്ലേ… നിയമപ്രകാരമുള്ള തടസങ്ങള്‍ പരിഹരിച്ചശേഷം സന്നദ്ധരക്തദാനം നടത്താന്‍ ആഗ്രഹിക്കുന്ന ഞങ്ങള്ക്കിടയിലുള്ളവരെ കാണാതെ പോകരുത്.’ ട്രാന്സ്ജെന്ഡര്മാര്ക്കായുള്ള എന്‍ജിഒ ബിഫോറിന്റെ കോ ഓര്‍ഡിനേറ്റര്‍ ഉത്തര ഷിജുവിന്റേതാണ് ഈ വാക്കുകള്‍ .
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കു രക്തദാനം നടത്താമോ? സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അധികൃതരോടു ഇതു ചോദിച്ചാല്‍ തടസമില്ലെന്ന മറുപടിക്കൊപ്പം അതില്‍ റിസ്ക് ഫാക്ടറുകളുണ്ട് എന്നുകൂടി കൂട്ടിച്ചേര്‍ക്കും.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ദേശീയ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷനും ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലും ചേര്‍ന്നു ബ്ലഡ് ബാങ്കുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖയില്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കു രക്തദാനം അനുവദനീയമല്ലെന്നു വ്യക്തമാക്കുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണു രക്തദാനരംഗത്തെ നിയമപ്രശ്നങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
ദേശീയതലത്തിലുള്ള രക്തദാന മാര്‍ഗരേഖയില്‍ രക്തദാതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നതിലെ പന്ത്രണ്ടാം നമ്പറിലാണ് ട്രാന്‍സ്ജെന്‍ഡറിന്റെ രക്തം സ്വീകരിക്കരുതെന്നു സൂചിപ്പിക്കുന്നത്.
റിസ്ക് ബിഹേവിയര്‍ ഉള്ള വിഭാഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരേ ലിഗത്തില്പ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍, ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്നുപയോഗിക്കുന്നവര്‍, ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ തുടങ്ങിയവരുടെ ഗണത്തില്‍ ട്രാന്സ്ജെന്ഡറെയും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈ റിസ്ക് ആയ കാര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തിനു നിലവില്‍ വിലക്കുണ്ട്.
സാധാരണ വ്യക്തികളെപ്പോലെ ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡറിനു രക്തദാനം നടത്താനുള്ള അവസരം രൂപപ്പെടുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും കടമയാണെന്നു സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി സ്റ്റേറ്റ് ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ഡോ. പ്രവീണ്‍ ജി. പൈ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ സമൂഹത്തിലെ സ്ഥാനം മോശമാണെന്ന ധാരണയ്ക്കു മാറ്റം വരേണ്ട കാലം അതിക്രമിച്ചു.
അതു മാറിയാലേ നല്ല രീതിയില്‍ ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡറിനു സന്നദ്ധ രക്തദാനം പോലുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് അവസരമുണ്ടാകൂ.
നിയമത്തിലെ ആശയക്കുഴപ്പമാണ് അവര്‍ക്കു രക്തദാനത്തിന് നിലവില്‍ തടസമായിട്ടുള്ളത്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.