പാലക്കാട്: പാർട്ടിപ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊടുന്പ് അന്പലപ്പറന്പ് ഷാജഹാനായി അന്വേഷണം ഉൗർജിതമാക്കി.
ഇതിനിടെ ഒളിവിൽ കഴിയുന്ന ഷാജഹാൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഷാജഹാന്റെ അടുത്തബന്ധുക്കളും ഒളിവിലാണെന്ന് പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാജഹാൻ മൊബൈൽ ഫോണ് ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അയൽവാസിയും പാർട്ടി പ്രവർത്തകയുമായ വീട്ടമ്മ കുളിക്കുന്നതിനിടെയാണ് ഷാജഹാൻ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടമ്മ നിലവിളിച്ചതോടെ ഷാജഹാൻ ഓടിരക്ഷപ്പെട്ടു.
ഇതിനിടെ മൊബൈൽ ഫോണ് താഴെ വീഴുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പറയുന്നതിനായി വീട്ടമ്മയും കുടുംബാംഗങ്ങളും ഷാജഹാന്റെ നന്പറിലേക്ക് വിളിച്ചപ്പോഴാണ് വീണുപോയ മൊബൈൽ ഫോണ് അടിച്ചത്. തുടർന്ന് പാലക്കാട് സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ വീട്ടമ്മയും, കുടുംബാംഗങ്ങളുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു ഷാജഹാൻ.