ഡൊമനിക് ജോസഫ്
മാന്നാർ: തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും ഭർത്താവ് സംവിധായകനായ വിഘ്നേഷ് ശിവനും പുണ്യവാന്റെ അനുഗ്രഹം തേടി പരുമലയിൽ എത്തി.കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് ഇവരുടെ വിവാഹം നടന്നത്.
നയൻതാരയുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുക്കാത്തതിനാൽ ഇവരുടെ അനുഗ്രഹം വാങ്ങുവാനായി ഞായറാഴ്ച കേരളത്തിലേക്ക് വരുകയായിരുന്നു.
ഇരുവരും കൊച്ചിയിൽ നയൻതാരയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം കേരളത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവർ പരുമല പള്ളിയിൽ എത്തിയത്.
പള്ളിമുറ്റത്ത് മെഴുകുതിരി വിൽക്കുന്നവരുടെ പക്കൽ നിന്നും തിരി വാങ്ങി കബറിങ്കൽ കത്തിച്ചു.തുടർന്ന് പ്രാർത്ഥന നടത്തി പെട്ടെന്ന് തന്നെ മടങ്ങുകയായിരുന്നു.
വളരെ രഹസ്യമായിട്ടാണ് ഇവിടെ എത്തിയത്. ചുരിദാർ അണിഞ്ഞ് തലയിലൂടെ ഷാൾ ഇട്ട് വന്നതിനാൽ അധികമാരും തിരിച്ചറിഞ്ഞുമില്ല.
ഭർത്താവ് പാന്റ്സും ടീഷർട്ടും ധരിച്ചാണ് എത്തിയത്.10 മിനിറ്റിനുള്ളിൽ തിരികെ പോകുകയും ചെയ്തു.
തിരുവല്ല സ്വദേശിനിയായ നയൻതാര ചെറുപ്പം മുതലേ പരുമല പള്ളിയിൽ എത്താറുണ്ടായിരുന്നു.
സിനിമാ താരമായ ശേഷവും ഇടയ്ക്കിടെ പരുമലയിൽ വന്ന് പ്രാർഥിക്കാറുണ്ടായിരുന്നു.അടുത്ത ദിവസം കേരളത്തിൽനിന്ന് തിരികെ പോകും.