കിഴക്കമ്പലം: പത്ത് വർഷമായി തകർന്നുകിടക്കുന്ന കിഴക്കമ്പലം-നെല്ലാട് റോഡ് ടാറിംഗിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു.
ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികളായ ബിജു മoത്തിപ്പറമ്പിൽ, പ്രമോജ് ഏബ്രഹാം എന്നിവർ നൽകിയ രണ്ട് ഹർജിയും ഞാറള്ളൂർ ദയറ ഹൈസ്കൂൾ നൽകിയ മറ്റൊരു ഹർജിയുമാണ് കോടതിയിലുള്ളത്.
തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികളുടെ ദുരിതം ചൂണ്ടിക്കാണിച്ചാണ് സ്കൂൾ മാനേജ്മെന്റ് ഹർജി നൽകിയത്. 32 കോടി രൂപ അനുവദിച്ചിട്ടും റോഡ് നിർമാണം പൂർത്തിയാക്കിയിട്ടില്ല.
നിർമാണം വേഗത്തിലാക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നിർമാണം വൈകിയതിനെക്കുറിച്ച് പ്രോസിക്യൂട്ടറോട് കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടതാണ്.
വാട്സാപ്പ് കൂട്ടായ്മ ഭാരവാഹി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് ഫോണിലൂടെ പരാതി അറിയിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.
മാസങ്ങൾക്ക് മുമ്പ് മന്ത്രി നേരിട്ടെത്തി റോഡിന്റെ സ്ഥിതി കണ്ടിരുന്നതാണ്. റോഡിന് സമീപത്തായി അയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളുണ്ട്.
സ്കൂൾ തുറന്നതോടെ വിദ്യാർഥികളുടെ ദുരിതവും കൂടി. റോഡിന്റെ അറ്റകുറ്റപ്പണികൾ പാതിവഴിയിൽ കരാറുകാരൻ നിർത്തിവച്ചിരിക്കുകയാണ്.