കൊട്ടാരക്കര: അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു നൽകുന്ന പോഷകാഹാരമായ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി.
കൊട്ടാരക്കര ഇ റ്റി സിയിലെ 28 -ാം നമ്പർ അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത അമൃതം പൊടിയുടെ പായ്ക്കറ്റിലാണ് വീട്ടുകാർ ചത്ത പല്ലിയെ കണ്ടെത്തിയത്. ഉണങ്ങിയ നിലയിലായിരുന്നു പല്ലി.
കുട്ടിയ്ക്ക് കാച്ചി കൊടുക്കാനായി മുത്തശി അമൃതം പൊടിയുടെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയും പുറത്തുവന്നത്.ഇവരിത് പൊതുപ്രവർത്തകരെയും അയൽവാസികളെയും അറിയിക്കുകയായിരുന്നു.
ഇത് ആഹാരമായി ഉള്ളിൽ ചെന്നിരുന്നെങ്കിൽ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
വിവിധയിനം ധാന്യങ്ങൾ പൊട്ടിച്ചുണ്ടാക്കുന്നതാണ് അമൃതം പൊടി. ഇത് ഓരോ മേഖലയിലും സ്വകാര്യ കമ്പനികൾ കരാറ് ഏറ്റെടുത്താണ് നടത്തി വരുന്നത്.
തഴവയിലുള്ള ഒരു കമ്പനിയാന്ന് കൊട്ടാരക്കര മേഖലയിലെ അങ്കണവാടികളിൽ അമൃതം പൊടി വിതരണം ചെയ്യുന്നത്.
സാമൂഹ്യക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റേയും പരിശോധനകളുടെ പോരായ്മയാണ് ഇത്തരം അപാകതകൾക്ക് കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
അടുത്തിടെ ഇ റ്റി സിക്കടുത്തു തന്നെയുള്ള കല്ലുവാതുക്കലിൽ പുഴുവരിച്ച അരി ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.