പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി യുടെ പ്രതിദിന ടിക്കറ്റ് വരുമാനം എട്ട് കോടിയായി വർധിപ്പിക്കാൻ യൂണിറ്റുകൾക്ക് പുതുക്കിയ ടാർജറ്റ് നിശ്ചയിച്ചു.
കഴിഞ്ഞ 28 – ന് സി എം ഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് ഓഫീസർമാരുടെ യോഗത്തിൽ ഈ നിർദ്ദേശം സി എം ഡി ഉന്നയിച്ചിരുന്നു.
ഇന്നലെ വരുമാന വർധനവിന് പുതിയ ടാർജറ്റ് നിശ്ചയിച്ചു കൊണ്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കി.
നിലവിൽ കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം ഏഴ് കോടിയായി നിശ്ചയിച്ചു കൊണ്ട് യൂണിറ്റുകൾക്ക് ടാർജറ്റ് ഉണ്ടായിരുന്നു. പ്രതിദിനം ആറര മുതൽ ആറേമുക്കാൽ കോടി വരെ വരുമാനം നേടുന്നുമുണ്ട്.
മേയ് മാസത്തെ ടിക്കറ്റ് വരുമാനം 184 കോടി രൂപയായിരുന്നു. എന്നിട്ടും മേയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ തരം തിരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ടാർജറ്റ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ടാർജറ്റിൽ നിന്നും ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ കൂടി അധിക തുകയാണ് ചെറിയ യൂണിറ്റുകൾക്ക് പോലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ നന്നായി നടത്തി പരമാവധി വരുമാന വർധനയുണ്ടാക്കുക, ലഭ്യമായ ബസുകൾ ഉപയോഗിച്ച് പരമാവധി സർവീസ് ലാഭകരമായി നടത്തുക, ഭാവി സാധ്യതകൾ പരിഗണിച്ച് റൂട്ടുകൾ കണ്ടെത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വരുമാന വർധനവിന് വേണ്ടി യൂണിറ്റ് അധികൃതർ ചെയ്യേണ്ടത്.
ദൈനംദിന വരുമാന വിവരങ്ങൾ യൂണിറ്റുകളിൽ അന്നു തന്നെ ക്രമീകരിച്ച്, ചീഫ് ഓഫീസിൽ അറിയിക്കുകയും വേണം. യൂണിറ്റ്, ക്ലസ്റ്റർ, മേഖലാ ഓഫീസർമാർ , മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർ മാർ എന്നിവർ ഇത് കൃത്യമായും നടപ്പാക്കണം.