തൃക്കരിപ്പൂർ: പണവും വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതീക്ഷിച്ച് പിലിക്കോട്ടെ മൂന്ന് സർക്കാർ ഓഫീസുകളിൽ കയറിയ മോഷ്ടാവിന് കിട്ടിയത് രണ്ട് കുപ്പി പെട്രോളും ഒരു സർക്കാർ മൊബൈൽ ഫോണും.
ഇത്തവണ മഴയെ മറയാക്കി കള്ളൻമാർ മോഷണത്തിനായി കയറിയത് സർക്കാർ സ്ഥാപനങ്ങളിലാണ്.
നാല് പഞ്ചായത്തുകളുടെ ചുമതലയുള്ള പിലിക്കോട് ശിശു വികസന ഓഫീസിലും പിലിക്കോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പടുവളത്തെ എസ്ജിഎസ് വൈ ഓഫീസിലുമാണ് കള്ളൻ കയറിയത്.
ശിശു വികസന ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് റൂമിലെ അലമാരകൾ തകർത്ത് ഫയലുകളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
ഇതിനകത്ത് സൂക്ഷിച്ച പടന്ന പഞ്ചായത്ത് തലത്തിലെ കാര്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വകുപ്പിന്റെ സ്മാർട്ട് മൊബൈൽ ഫോൺ മോഷ്ടിച്ചു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് കാര്യാലയത്തിൽ അലമാരയുടെ പൂട്ടുകൾ തകർത്ത് അപേക്ഷകളുൾപ്പെടെ എടുത്തെറിഞ്ഞ നിലയിലുമായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പടുവളം ഹാളിന്റെ ഓഫീസിൽ കയറി ജനറേറ്ററിൽ നിറക്കാൻ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോൾ അലമാര തുറന്ന് മോഷ്ടിച്ചു.
സംഭവത്തിൽ ശിശു വികസന ഓഫീസർ സി.ഡി.ലൂസി, വിഇഒ കെ.വി.ഷൈജു, ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർ എന്നിവർ ചന്തേര പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.