പയ്യന്നൂര്‍: ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ തവിടിശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ് (63) മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സീത ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ മാനസിക വിഷമത്തിലായിരുന്നു സീതയെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
ഇതേതുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു മരണം.
പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വിസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം മൃതദേഹം സംസ്കരിക്കും. മക്കള്‍: സീന, അജേഷ്(സിപിഎം പെരിന്തട്ട ലോക്കല്‍ കമ്മിറ്റിയംഗം, പെരിങ്ങോം സഹകരണ ബാങ്ക് കൂടം ശാഖ ജീവനക്കാരന്).
സഹോദരങ്ങള്‍: പത്മനാഭന് (റിട്ട.കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമന്, ജാനകി(ഇരുവരും എടാട്ട്),പരേതയായ നാരായണി.