കണ്ണൂർ: ബിസിനസിൽ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ദന്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ.
തൃശൂർ സ്വദേശികളായ എൻ.കെ. സിറാജുദ്ദീൻ (31), ഭാര്യ പി.സിത്താര മുസ്തഫ (22), എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂർ സ്വദേശി കെ.കെ. അഫ്സലി (30) നായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിൽനിന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
ക്യൂനെറ്റ് മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിൽ 1,75000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികൾ വാഗ്ദാനം ചെയ്തത്.
ഇതിൽ വിശ്വസിച്ച നിഹാൽ സെപ്റ്റംബർ പത്തിന് പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതം ലഭിച്ചില്ല.
പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ട് പ്രതികളെ നിരവധി തവണ വിളിച്ചെങ്കിലും പണം നൽകാൻ തയാറായില്ലെന്ന് നിഹാൽ നൽകിയ പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് നിഹാൽ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്.
വളപട്ടണം, എടക്കാട് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ തട്ടിപ്പ് നടന്നതായി പോലീസ് പറഞ്ഞു. വളപട്ടണത്തുനിന്ന് നാലരലക്ഷം തട്ടിയതായാണു പരാതി.
പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐ രാജീവൻ,എഎസ്ഐ എം. അജയൻ, കെ.പി.ഷാജി, എസ്സിപിഒ സ്നേഹേഷ്, സജിത്ത്, പ്രമോദ്, ഡ്രൈവർ ശരത്ത് എന്നിവരുമുണ്ടായിരുന്നു.