പത്തനാപുരം: താലൂക്ക് ആയുർവേദ ആശുപത്രിയുടെ മേൽക്കൂര യോട് ചേർന്ന് സീലിംഗ് തകർന്നുവീണു.
തലവൂരിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിയുടെ സീലിംഗ് ആണ് തകർന്നുവീണത്.
ഇന്നലെ രാത്രി 10 30 ഓടെയാണ് സംഭവം. രണ്ടുമാസം മുൻപാണ് താലൂക്ക് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നടന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് പുതിയ കെട്ടിടത്തിന് ഉദ്ഘാടനം നിർവഹിച്ചത്.
കെബി ഗണേഷ് കുമാർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
സർക്കാർ നിയന്ത്രണത്തിലുള്ള നിർമ്മിതിക്ക് ആയിരുന്നു കെട്ടിടത്തിന് നിർമ്മാണ ചുമതല. രാത്രി സമയമായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് മാറിയിരുന്നു.
പകൽസമയത്ത് ആയിരുന്നുവെങ്കിൽ വൻദുരന്തം ആണ് ഉണ്ടാവുക. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തലവൂർ ഗ്രാമപഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും ആയി രംഗത്തുവന്നത് ഏറെനേരം സംഘർഷാവസ്ഥയും സൃഷ്ടിച്ചു.
ആശുപത്രി കെട്ടിടത്തിന് മേൽക്കൂര സ്ഥാപിച്ചിരുന്നത് ഷീറ്റ് കൊണ്ടാണ്. ഇതിനെ താഴെയായാണ് ജിപ്സം കൊണ്ടുള്ള സീലിങ് സ്ഥാപിച്ചിരുന്നത്.
ഇരുനില കെട്ടിടത്തിന്റെ പ്രധാന ഭാഗത്തും രണ്ടാം നിലയിലും സീലിംഗ് ഇളകി വീണു. കെട്ടിടത്തിന് നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ഏജൻസിയിൽ ഉൾപ്പെടെ ആരോപണമുയർന്നിരുന്നതായും സൂചനയുണ്ട്.
നിർമ്മാണത്തിന് ശേഷം മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന സീറ്റുകളിൽ ചോർച്ച ഉണ്ടായിരുന്നതായും ആരോപണമുണ്ട്. ഈർപ്പം തങ്ങി നിന്നത് ആകാം സീലിംഗ് തകരുന്നതിന് കാരണമായതെന്നും കരുതുന്നു.
മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗണേഷ് കുമാർ
കൊല്ലം: പത്തനാപുരം തലവൂരില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന് വീണ സംഭവത്തിൽ ഇടപെട്ട് കെ.ബി. ഗണേഷ് കുമാർ എംഎൽഎ.
വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
രണ്ടു മാസം മുന്‍പാണ് ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചത്.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ആളുകള്‍ വാര്‍ഡിലേക്ക് പോയതിനാല്‍ ആളപായം ഉണ്ടായില്ല.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും യുവമോർച്ചയും ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
നേരത്തെ, ഈ ആശുപത്രി സന്ദര്‍ശിച്ച ഗണേഷ് കുമാര്‍ എംഎല്‍എ ടൈല്‍ ഇളകിപ്പോയതിനാലും ശുചിത്വം ഇല്ലാത്തതിനാലും സൂപ്രണ്ടിനെ ശകാരിച്ചത് ഏറെ വിവാദമായിരുന്നു.
എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവിട്ടാണ് ഈ ആശുപത്രി നിര്‍മിച്ചത്.