സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡിഇഒ, എഇഒ ഓഫീസുകളിൽ വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി.
അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്യമായ കാരണമില്ലാതെ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായി കണ്ടെത്തി.
ഇത് അഴിമതിക്കു വേണ്ടിയാണെന്നു വിജിലൻസ് പറയുന്നു.തിരുവനന്തപുരം, നെയ്യാറ്റിൻകര, കൽപ്പറ്റ, പാലക്കാട് ഡിഇ ഓഫീസുകളിലും വടക്കാഞ്ചേരി, മണ്ണാർക്കാട്, കൽപ്പറ്റ എഇ ഓഫീസുകളിലുമാണ് ഫയലുകളിൽ കാലതാമസം വരുത്തുന്നതായി വിജിലൻസ് കണ്ടെത്തിയത്.
അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഐജി എച്ച്. വെങ്കിടേഷ് അറിയിച്ചു.
തെരഞ്ഞെടുത്ത 24 ജില്ലാ ഓഫീസുകൾ, 30 അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലാണ് മിന്നൽപരിശോധന നടത്തിയത്.
എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടു നിയമനം ക്രമവത്കരിക്കൽ, മാനേജ്മെന്റിനു ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കിക്കൊടുക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്കായി ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നു.
ഡിഇ ഓഫീസിൽ പ്രതിമാസം 200 മുതൽ 300 വരെയുള്ള അപേക്ഷകൾ പിഎഫ്, സറണ്ടർ, ഫിക്സേഷൻ, അവധി എന്നിവയുമായി ബന്ധപ്പെട്ടു ലഭിക്കുന്നുണ്ടെങ്കിലും ഇവയിൽ 10 ശതമാനം മാത്രമേ സമയബന്ധിതമായി തീർപ്പാക്കുന്നുള്ളൂ.
ബാക്കിയുള്ളവ വിവിധ കാരണങ്ങൾ പറഞ്ഞ് അഴിമതിക്കായി വച്ചുതാമസിപ്പിക്കുന്നു. എയ്ഡഡ് സ്കൂൾ ഉദ്യോഗസ്ഥരുടെ വാർഷിക ഇൻക്രിമെന്റ്, ഇൻക്രിമെന്റ്് അരിയർ, ഡിഎ അരിയർ എന്നിവ അനുവദിക്കുന്നതിലും കാലതാമസമുണ്ടാക്കുന്നു.
സ്കൂളുകളിലെ ഓഫീസ് അറ്റന്റർമാർ വഴി കൈക്കൂലി നൽകുന്ന അപേക്ഷകളിൽ മാത്രം വേഗം നടപടി സ്വീകരിക്കുന്നു.
ഡിഇഒ, എഇഒ ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഒത്താശ ചെയ്യുന്നതായും ഡയറക്ടറേറ്റിലെയും മറ്റും ഉദ്യോഗസ്ഥർ ഇത് അതേപടി അംഗീകരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.