മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭർത്താവിനൊപ്പം ഡോക്ടറെ കാണനെത്തിയ വയോധികയുടെ മാല പൊട്ടിച്ച യുവാവിനെ വയോധികയും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പോലീസിലേൽപ്പിച്ചു.
ചേറ്റുപുഴ പാണങ്ങാടൻ വീട്ടിൽ വിവേക് വിമൽ (42) ആണ് മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായത്.മലപ്പുറം കോക്കൂർ സ്വദേശി രാധ (58)യുടെ മാലയാണു വിമൽ പൊട്ടിച്ചത്.
ഭർത്താവിനെ പൾമണോളജി ഒപിയിൽ കാണിച്ചശേഷം ലാബിലേക്കു കോണി കയറി പോവുകയായിരുന്ന രാധയെ പിൻതുടർന്നെത്തിയ പ്രതി കഴുത്തിലെ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു.
മാലയുടെ ഒരു ഭാഗം സാരിയിൽ സൂചി കൊണ്ട് കുത്തി വച്ചിരുന്നതിനാൽ എളുപ്പത്തിൽ മാല കൈക്കലാക്കാൻ പറ്റിയില്ല.
ഇതിന്റെ പരിഭ്രമത്തിൽ കോണി ഇറങ്ങി താഴേയ്ക്ക് ഓടുന്നതിനു പകരം ഇയാൾ മുകളിലേക്കു കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
രാധ പ്രതിയുടെ പിന്നാലെ കള്ളൻ എന്നുവിളിച്ച് ഓടിയതോടെ മുകൾ നിലയിലെ ഒപിയിൽ ഉണ്ടായിരുന്നവർ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
തമിഴനാട് സ്വദേശിയായ പ്രതി ചേറ്റുപുഴയിൽ നിന്നു വിവാഹം കഴിച്ച് 14 വർഷമായി താമസിച്ചു വരികയാണ്. ഇയാൾക്കെതിരേ മറ്റുകേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.