അഞ്ചല്‍ : ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടർന്ന് വീടിനു പുറത്തിറങ്ങാനാകാതെ വീട്ടമ്മ.
ഏരൂര്‍ പഞ്ചായത്തിലെ പാണയം വാര്‍ഡില്‍ മാവേലിക്കുന്നില്‍ ഉഷയാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയ്ക്കും മാനസിക പീഡനത്തിനും വിധേയയായി കഴിയുന്നത്.
2017-ലാണ് ഭര്‍ത്താവ് സദാനന്ദന്റെ ചികിത്സക്കായി ഏരൂര്‍ സ്വദേശി ചിത്തിര സൈജു എന്നയാളില്‍ നിന്നും ഉഷ പലിശക്ക് തുക വാങ്ങുന്നത്.
21 സെന്റ് വസ്തുവും വീടും അടങ്ങുന്ന രണ്ടു പ്രമാണങ്ങളുടെ ഈടില്‍ പലപ്പോഴായി വാങ്ങിയത് രണ്ടേമുക്കാല്‍ ലക്ഷം രൂപ. ഇതിന്റെ പലിശയിനത്തില്‍ നാലര ലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടച്ചു.
ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നു ചികിത്സയില്‍ ആയിരുന്ന ഭര്‍ത്താവ് മരണപ്പെട്ടു. പിന്നീട് തുക അടയ്ക്കാന്‍ കഴിയാതായി.
രോഗബാധിത കൂടിയായ ഉഷ തൊഴിലുറപ്പിനും മറ്റും പോയാണ് കുടുംബം പുലര്‍ത്തിവന്നത്. എന്നാല്‍ ബ്ലേഡ്കാരില്‍ നിന്നും ഭീഷണിയും അസഭ്യവും വര്‍ധിച്ചതോടെ ഇതിനും പോകാന്‍ കഴിയതായായി.
പുറത്തിറങ്ങിയാല്‍ മാടിനെ അടിയ്ക്കും പോലെ അടിക്കുമെന്നാണ് ഭീഷണി. ഒപ്പം കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷവും.
ഒരിയ്ക്കല്‍ പലിശക്കാരുടെ ഓഫീസില്‍ എത്തിയ തന്നെ മണിക്കൂറുകള്‍ തടഞ്ഞുവച്ചതായും ഉഷ പറയുന്നു. ഒരു ദിവസം പലിശയ്ക്ക് പണമെടുത്തയാളുടെ ബന്ധു വീട്ടില്‍ എത്തിയും ഭീഷണിപ്പെടുത്തി.
ഇതോടെ ഉഷ കൊല്ലം റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്കി. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും നടപടി ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പലിശക്കാരന്റെ ഭീഷണി കൂടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഉഷ മുഖ്യമന്ത്രിയ്ക്കും ജില്ല ാ കളക്ടര്‍ക്കും പരാതി നല്‍കിയത്.
മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി ഡിജിപി ഏരൂര്‍ പോലീസിനു കൈമാറിയതോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എംജി വിനോദിന്റെ നേതൃത്വത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന് ഉറപ്പാണ് എന്ന് ഉഷ പറയുന്നു.
തന്റെ മക്കള്‍ മുതല്‍ തിരിച്ചടയ്ക്കാന്‍ തയാറാണ്. വേറെ കുടുംബമായി തമാസിക്കുന്ന ഇവര്‍ക്കും വീട് വച്ചതും വിദേശത്തു പോയതുമടക്കം വലിയ ബാധ്യതകള്‍ ഉണ്ട്.
ഇതിനാല്‍ തന്നെ സാവകാശം വേണമെന്ന് ഉഷ പറയുന്നു. പോലീസ് കേസെടുത്ത സൈജുവിനെതിരെ മുമ്പും സമാനമായ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്.
മുമ്പ് കാപ്പ ചുമത്തപ്പെട്ട് ജില്ലയ്ക്ക് പുറത്ത് നാടുകടത്തുകയും പിന്നീട് ഇത് ലംഘിച്ചതിന് സൈജുവിനെതിരെ പോലീസ് കേസുമുണ്ട്. അന്വേഷണം ആരംഭിച്ചതായി ഏരൂര്‍ എസ്എച്ച്ഒ എം.ജി വിനോദ് പറഞ്ഞു.