ചെറുതോണി: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശേരിക്കു സമീപം തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന (65) ആണ് മരിച്ചത്.
രണ്ടുമാസം മുൻപാണ് ഇവർക്ക് നായയുടെ കടിയേറ്റത്. എന്നാൽ, ഈ വിവരം ഭർത്താവിനെയോ ബന്ധുക്കളെയോ ഓമന അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനേത്തുടർന്ന് ഓമനയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് നായയുടെ കടിയേറ്റ വിവരം ഓമന ഡോക്ടറോട് പറഞ്ഞത്.
തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത് വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു.
വീണ്ടും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
ഓമനയുടെ മൃതദേഹം അടിമാലി കൂന്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ഇടപഴകിയവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.