അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയായവര്‍ക്കു സൈന്യത്തില്‍ പ്രവേശനമുണ്ടാകില്ലെന്ന് വ്യക്തമാക്കി ലഫ്. ജനറല്‍ അനില്‍ പുരി.
സൈന്യത്തിന്റെ അടിത്തറ തന്നെ അച്ചടക്കത്തിലാണ്. കലാപകാരികള്‍ക്ക് സൈന്യത്തില്‍ സ്ഥാനം ഉണ്ടാകില്ല.
അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങള്‍ക്ക് പോലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണെന്നും, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ അഗ്നിവീര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും ലഫ്. ജനറല്‍ അനില്‍ പുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഗ്നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കും. സൈനികര്‍ക്ക് നിലവിലുളള അലവന്‍സുകള്‍ അഗ്നിവീരന്മാര്ക്കും ലഭിക്കും. വേര്‍തിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിയില്‍ ആദ്യ ബാച്ചിനെ വ്യോമസേനയില്‍ ഡിസംബറിനു മുന്‍പ് തിരഞ്ഞെടുക്കും. ജൂണ്‍ 24ന് റജിസട്രേഷന് ആരംഭിക്കും.
ജൂലൈ 24 മുതല്‍ പ്രാഥമിക പരീക്ഷ ഓണ്‍ലൈനായി നടത്തും. നവംബര്‍ 21നു മുന്‍പ് നാവിക സേനയിലേക്കുള്ള അഗ്നിവീര്‍ നിയമനം നടക്കും.
അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വര്‍ഷം റിക്രൂട്ട് ചെയ്യുന്നത് (കരസേനയിലേക്ക് 40,000, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 3000 വീതം). വരുംവര്‍ഷങ്ങളില്‍ നിയമനം 1.25 ലക്ഷം വരെയായി ഉയര്‍ത്തും.
സൈനികര്‍ക്ക് നിലവിലുള്ള അലവന്‍സുകള്‍ അഗ്നിവീറിനും ലഭിക്കുമെന്നും വേര്‍തിരിവുകള്‍ ഉണ്ടാകില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഗ്നിവീര്‍ ജീവത്യാഗം ചെയ്യേണ്ടി വന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും.
അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയില്‍ സേനകളുടെ അംഗബലം കുറയും. നിലവില്‍ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം.
ഇത് ഘട്ടംഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കു കൂടിയുള്ള വഴിയാണ് അഗ്നിപഥ്. പ്രതിവര്‍ഷം മൂന്ന് സേനകളില്‍ നിന്നുമായി 70,000 പേരാണു വിരമിക്കുന്നത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷം റിക്രൂട്ട്മെന്റ് നടക്കാത്തതിനാല്‍, കരസേനയില്‍ മാത്രം നിലവില്‍ ഒരു ലക്ഷത്തിലധികം ഒഴിവുണ്ട്.
അടുത്ത വര്‍ഷങ്ങളിലും വിരമിക്കലിനു തുല്യമായ റിക്രൂട്ട്മെന്റ് ഉണ്ടാവില്ലെന്നാണു സൂചന. അതുവഴി ക്രമേണ അംഗബലം കുറയ്ക്കും. ഭാവിയില്‍ ആകെ സൈനികരുടെ എണ്ണം 10 ലക്ഷത്തിലേക്കു കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.