ന്യൂഡൽഹി: അഗ്നിപഥിന് എതിരേയുള്ള പ്രതിഷേധസമരങ്ങളുടെ ഭാഗമാകുന്നവർക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനാവില്ലെന്നു പ്രതിരോധ മന്ത്രാലയം.
അച്ചടക്കം ഇല്ലാത്തവരെ സൈന്യത്തിന് ആവശ്യമില്ല. അപേക്ഷകരെ അഗ്നിവീർ റിക്രൂട്ട്മെന്റിനു പരിഗണിക്കുന്നതിനു രാജ്യത്തു നടന്ന ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുടെയോ അക്രമങ്ങളുടെയോ ഭാഗമായിട്ടില്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം.
ഇക്കാര്യം ഉറപ്പു വരുത്തുന്നതിനു പോലീസ് കർശന പരിശോധന നടത്തും. അഗ്നിവീറുകളും മറ്റു സൈനികരും തമ്മിൽ വിവേചനമില്ല.
ജോലിക്കിടെ ജീവഹാനി സംഭവിച്ചാൽ അഗ്നിവീറുകളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും.
തുടക്കത്തിൽ അഗ്നിപഥ് പദ്ധതിയിലൂടെ 46,000 പേരെയാണ് തെരഞ്ഞെടുക്കുന്നത്. തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ 90,000 പേരെ തെരഞ്ഞെടുക്കും. പിന്നീട് പ്രതിവർഷം 1.25 ലക്ഷം അഗ്നിവീറുകളെവരെ റിക്രൂട്ട് ചെയ്യും.
നാലുവർഷത്തെ സേവനത്തിനൊടുവിൽ 11.74 ലക്ഷം രൂപ മാത്രമല്ല അഗ്നിവീറുകൾക്ക് വരുമാനമായി ലഭിക്കുക. ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ സേവന കാലഘട്ടത്തിലെ ശന്പളവും മറ്റു ആനുകൂല്യങ്ങളും ചേർത്ത് 23.24 ലക്ഷം രൂപ ലഭിക്കും.
സിയാച്ചിനിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന സൈനികർക്കു കിട്ടുന്നതിന് തുല്യമായ ശന്പളമാണ് അഗ്നിവീറുകൾക്കും ലഭിക്കുകയെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആനുകൂല്യങ്ങൾ
• കേന്ദ്ര സായുധ സേനകളിലേക്കും ആസാം റൈഫിൾസിലേക്കും പത്തു ശതമാനം സംവരണവും പ്രായപരിധിയിൽ ഇളവും
• തീര സംരക്ഷണ സേനയിലും പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണവും പ്രായപരിധിയിൽ ഇളവും
• ഇന്ത്യൻ നാവിക സേനയിൽ നിന്നു മർച്ചന്റ് നേവിയിലേക്കു പ്രത്യേക ആനുകൂല്യങ്ങളോടു കൂടിയ നിയമനം
• പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നാഷണൽ ഓപ്പണ് സ്കൂളിന്റെ പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റുകൾ
• നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ പ്രത്യേക ബ്രിഡ്ജ് കോഴ്സുകൾ
• കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിൽ എയർ ട്രാഫിക് കണ്ട്രോൾ, സേഫ്റ്റി, കമ്യൂണിക്കേഷൻ, ഐടി തുടങ്ങിയ മേഖലകളിൽ അവസരം