പയ്യന്നൂർ: പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട നടപടികളെത്തുടർന്നു പൊതുപ്രവർത്തനം അവസാനിപ്പിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പാളി.
കുഞ്ഞിക്കൃഷ്ണനുമായി കൂടുതൽ അടുപ്പമുള്ള പി. ജയരാജനെ ഉപയോഗിച്ചുള്ള അനുനയനീക്കമാണു പരാജയപ്പെട്ടത്.
ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനായ ജയരാജൻ പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ നവീകരിച്ച റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു കുഞ്ഞിക്കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്.
അടച്ചിട്ട മുറിയിൽ പത്തു മിനിറ്റോളം മാത്രമുള്ള കൂടിക്കാഴ്ചക്കുശേഷം തിരിച്ചുപോകവേ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.അതേസമയം, പാർട്ടിയിലെ സംഘടനാപ്രശ്നങ്ങൾ മധ്യസ്ഥതയിലൂടെയല്ല പരിഹരിക്കുന്നതെന്നും താനെത്തിയത് അതിനല്ലെന്നുമാണു പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞത്.
ഇക്കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടതും അതിനായി നിങ്ങൾ സമീപിക്കേണ്ടതും ജില്ലാ സെക്രട്ടറിയെയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ സിപിഎമ്മിന്റെ ഫണ്ടു വെട്ടിപ്പ് ആരോപണത്തെത്തുടർന്ന് ചില നേതാക്കൾക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
അക്കൂട്ടത്തിൽ അഴിമതിയാരോപണം പുറത്തുകൊണ്ടുവരികയും തെളിവുകൾ കണ്ടെത്തുകയും ചെയ്ത കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്ത നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
പാർട്ടി തീരുമാനങ്ങൾ വിശദീകരിക്കാനായി നടത്തിയ ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമുയർന്നിരുന്നു.
ഇതിനിടെ പൊതുവർത്തനംതന്നെ അവസാനിപ്പിക്കുന്നതായുള്ള കുഞ്ഞിക്കൃഷ്ണന്റെ നിലപാട് പുറത്തുവന്നപ്പോൾ നേതൃത്വത്തിന് ശക്തമായ എതിർപ്പും നേരിടേണ്ടിവന്നു.