മാന്നാർ: ഉടമയുടെ എടിഎം കാർഡിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വീട്ടുജോലിക്കാരൻ അറസ്റ്റിൽ.
പന്തളം തുമ്പമൺ മുട്ടംമുറിയിൽ പോയികോണത്ത് കൃഷ്ണ ഭവൻ വീട്ടിൽ സീതാരാമൻ നായരുടെ മകൻ രാജേഷ് നായരാണ് (42) അറസ്റ്റിലായത്.
ചെന്നിത്തല ഒരിപ്രം കൈമാട്ടിൽ രാധാകൃഷ്ണൻ തമ്പിയുടെ എസ്ബിഐ ചെന്നിത്തല ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് രണ്ടുലക്ഷത്തി എൺപത്തി അയ്യായിരം രൂപ തട്ടിയെടുത്തത്.
വിദേശത്ത് ജോലിയിലായിരുന്ന രാധാകൃഷ്ണൻ തമ്പി പക്ഷാഘാതം വന്ന ശേഷം നാട്ടിൽ തനിയെ താമസിക്കുകയാണ്.
സഹായത്തിനായി ഹോം നഴ്സിംഗ് ഏജൻസി വഴിയാണ് രാജേഷ് നായർ എത്തുന്നത്. ബാങ്കിടപാടുകളും രാജേഷ് നായരാണ് ചെയ്തിരുന്നത്.
ഈ അവസരം മുതലാക്കിയാണ് എടിഎം പിൻ മനസിലാക്കി അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത്. ജൂൺ മൂന്നു മുതൽ പതിനേഴു വരെ പല തവണയായിട്ടാണ് അക്കൗണ്ടിൽ നിന്ന് പണം എടുത്തത്.
പണം നഷ്ടപെട്ടത് അറിഞ്ഞയുടൻ വീട്ടുടമ മാന്നാർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് എസ്എച്ച് ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിരാം, അനിൽകുമാർ, ഗ്രേഡ് എസ് ഐ ബഷിറുദീൻ, സിവിൽ പോലീസ് ഓഫീസർമാരായ ജഗദീഷ്, സൂരജ് വനിതാ സിവിൽ പോലീസ് ഓഫീസർ സ്വർണരേഖ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.