കിടങ്ങൂർ: കിടങ്ങൂരിൽ വീട് കുത്തി തുറന്ന് മോഷണവും മൂന്നുവീടുകളിൽ മോഷണശ്രമവും നടന്ന സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
കിടങ്ങൂർ ചിരപ്പുറത്ത് പള്ളിയന്പിൽ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള നെടുമറ്റത്തിൽ പൊന്നൂസ്, നെടുമറ്റത്തിൽ ടോണി, എടാട്ട് ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.
ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം.
പള്ളിയന്പിൽ ജോബിയുടെ വീടിന്റെ രണ്ടാം നിലയുടെ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് ആറുപവൻ തൂക്കം വരുന്ന മാലയും ഒരുപവൻ തൂക്കം വരുന്ന മോതിരവും മോഷ്ടിച്ചു.
കിടപ്പുമുറിയിൽ മേശപ്പുറത്ത് ബോക്സിനുള്ളിൽ ഉൗരി വച്ചിരുന്ന മാലയും വളയുമാണ് മോഷ്ടിച്ചത്. ശബ്ദം കേട്ട് വീട്ടുടമ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
സമീപ വാസികളെ വിവരമറിയിച്ച് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. ഇതിനെ തുടർന്നാണ് സമീപത്തെ മൂന്നു വീടുകളിലെ മോഷണ ശ്രമം ശ്രദ്ധയിൽപെട്ടത്.
ഫിംഗർ പ്രിന്റ്, ഡോഗ് സ്ക്വാഡ് വിഭാഗങ്ങളും സ്ഥലത്തെത്തി. രണ്ടാം നിലയിലെ കതക് തകർത്ത് വീട്ടിനുള്ളിൽ കയറിയതിനാൽ പ്രഫഷണൽ മോഷ്്ടാവ് തന്നെയാണ് സംഭവത്തിനു പ്ിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദിവസങ്ങൾക്ക് മുന്പ് കൊല്ലപ്പള്ളിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
അവിടെ നിന്നും ലഭിച്ച വിരലടയാളവും ജോബിയുടെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും പോലീസ പരിശോധിച്ചു വരികയാണ്.
കിടങ്ങൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.
കിടങ്ങൂർ എസ്എച്ച്ഒ കെ.ആർ. ബിജു, എസ്ഐ കുര്യൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.