ഗുരുവായൂർ: ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ആദ്യ വനിത മാനേജരായി ലെജുമോൾ ചുമതലയേറ്റു. ആനക്കോട്ടയിൽ ആദ്യമായാണ് ഒരു വനിത മാനേജർ സ്ഥാനത്തെത്തുന്നത്. ആനക്കാരുടെ കുടുംബത്തിൽ നിന്നാണു ലെെജുവിന്റെ വരവ്.
ചെറുപ്പം മുതൽ ആനകളെ കണ്ട് ആനകളോട് ഇഷ്ടമുള്ള ലൈജുമോളുടെ വരവു പുതിയ ചരിത്രമാവുകയാണ്.അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും ദേവസ്വത്തിൽ പ്രഗത്ഭരായ ആനക്കാരായിരുന്നു. ഭർത്താവ് പ്രസാദും മുൻ ആനക്കാരനായിരുന്നു.
ഇന്നു രാവിലെ ജീവധനം ഡിഎ ഇൻചാർജ് പ്രമോദ് കളരിക്കലിനു മുന്‍പാകെയാണ് ലെെജുമോൾ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി. സുനിൽകുമാറിൽ നിന്ന് ആനക്കോട്ടയുടെ താക്കോൽ ലെെജുമോൾ ഏറ്റുവാങ്ങി.
ഇപ്പോൾ 44 ആനകളുണ്ട്. നൂറ്റന്‍പതിലേറെ ജീവനക്കാർ. അതിൽ ഭൂരിപക്ഷവും ആനക്കാർ തന്നെ. ഗുരുവായൂരപ്പന്റെ ഗജസന്പത്തിന്റെ നിയന്ത്രണവും പരിപാലനവും ഇനി ലെെജുവിന്റെ കെെയിൽ ഭദ്രമാകും.
1996ൽ എൽഡി ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവീസിലെത്തിയ ലെെജുമോൾ മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണു ജീവധനവിഭാഗത്തിലെ പുതിയ നിയോഗം. പ്രസാദാണ് ലെെജുമോളുടെ ഭർത്താവ്. അക്ഷയ് കൃഷ്ണൻ, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.