കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ചൊവ്വാഴാച രാത്രിയാണ് സംഭവം.
നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഇവർ ഒളിവിലാണ്.
ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായാണ് സംഘമെത്തിയത്.
അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു
മാസ്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് ശ്യാമിലി പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം വിഷ്ണുവിനോട് മാസ്ക് ധരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതോടെ പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്നാണ് ഇവര്‍ ചൊവ്വാഴ്ച രാത്രി എത്തി ആക്രമണം നടത്തിയത്.
അതേസമയം, പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
ചികിത്സാനിഷേധം ഉണ്ടായിട്ടില്ലെന്നും മാസ്ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെജിഎംഒഎ വ്യക്തമാക്കി.
താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണം അപലപനീയമാണെന്ന് ചവറ എംഎല്‍എ ഡോ. സുജിത്ത് വിജയന്‍പിള്ള പ്രതികരിച്ചു.
ആശുപത്രി ജീവനക്കാര്‍ക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു.