സ്വന്തം ലേഖകൻ
തൃശൂർ: രാജ്യം ഉറ്റു നോക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും തൃശൂരും തമ്മിലൊരു ടെന്നീസ് ബന്ധമുണ്ട്.
ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ട്രസ്റ്റിലെ ആജീവനാന്ത ട്രഷററായ തൃശൂർ സ്വദേശി റിട്ട. പ്രഫ. ടി.ഡി. ഫ്രാൻസിസുമായുള്ള സൗഹൃദബന്ധം…
സൗഹൃദത്തിന്റെ ടെന്നീസ് കോർട്ടിൽ ടി.ഡി. ഫ്രാൻസിസുമായി യശ്വന്ത് സിൻഹയ്ക്ക് ഇപ്പോഴും ഉൗഷ്മളബന്ധമുണ്ട്. അതുകൊണ്ടു തന്നെ ജേഷ്ഠ സഹോദരനെ പോലെ കരുതുന്ന അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം ടി.ഡി. ഫ്രാൻസിസ് കൗതുകത്തോ ടെ നോക്കിക്കാണുന്നു.
രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിന് ഓൾ ദി ബെസ്റ്റ് സന്ദേശമയക്കുകയും ചെയ്തു ഫ്രാൻസിസ്.
ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ പ്രസിഡന്റായി യശ്വന്ത് സിൻഹ 2000 മുതൽ 2004 വരെയും രണ്ടാം ടേമിൽ 2004 മുതൽ 2008 വരെയും പ്രവർത്തിച്ചപ്പോൾ ആ എട്ടു കൊല്ലവും ടി.ഡി. ഫ്രാൻസിസായിരുന്നു അസോസിയേഷ ന്റെ ട്രഷറർ.
പ്രസിഡന്റും ട്രഷററും തമ്മിലുള്ള അസോസിയേഷൻ ബന്ധത്തിനപ്പുറം വളരെ ആഴമുള്ള സൗഹൃദം ഇക്കാലത്ത് ഇവർ തമ്മിലുണ്ടായി.
അങ്ങനെ യശ്വന്ത് സിൻഹ കുടുംബത്തോടെ 2006ൽ തൃശൂരിലെത്തുകയും ഫ്രാൻസിസിന്റെ പറവട്ടാനി വിംപി നഗറിലുള്ള വീട്ടിൽ വരികയും ചെയ്തു. കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞ സമയത്തായിരുന്നു അദ്ദേഹം തൃശൂരിലെത്തിയത്.
കരിന്പൂച്ചകളുടെ കനത്ത സുരക്ഷയൊന്നും ഇല്ലാതെ വളരെ സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ തൃശൂർ സന്ദർശനമെന്ന് ടി.ഡി. ഫ്രാൻസിസ് ഓർക്കുന്നു.
അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റ് ആദ്യ മീറ്റിംഗിൽ തന്നെ വന്നു പരിചയപ്പെട്ട് പേരു ചോദിച്ചറിഞ്ഞ യശ്വന്ത് സിൻഹ പിന്നീടു നടന്ന മീറ്റിംഗിൽ പേരെടുത്ത് വിളിച്ച് അഭിവാദ്യം ചെയ്തത് ഫ്രാൻസിസിന് മറക്കാനാവാത്ത അനുഭവം.
സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും യശ്വന്ത് സിൻഹ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് ടി.ഡി. ഫ്രാൻസിസ് പറയുന്നു.അസോസിയേഷന്റെ നേതൃസ്ഥാനത്തിരിക്കുന്പോൾ കേരളത്തിനു വേണ്ടിയും എന്തെങ്കിലും ടെന്നീ സുമായി ബന്ധപ്പെട്ട് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
പത്തേക്കർ സ്ഥലം കേരള സർക്കാർ സൗജന്യമായി തന്നാൽ ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ദക്ഷിണേന്ത്യയിലെ സൗത്ത് സെന്റർ സജ്ജമാക്കാമെന്ന് തൃശൂരിൽ വച്ച് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പിലായിരുന്നു പ്രഫ. ടി.ഡി. ഫ്രാൻസിസ്.
പ്രിയപ്പെട്ട സഹപ്രവർത്തകനും അതിലുപരി ഗാഢസൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യശ്വന്ത് സിൻഹയുടെ തെരഞ്ഞെടുപ്പു ഫലമറിയാൻ കാത്തിരിക്കുകയാണു തൃശൂരിലെ ഈ കൂട്ടുകാരൻ.