ചില ആളുകള്‍ നിരവധി സിനിമകളില്‍ വേഷമിട്ടാലും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കണമെന്നില്ല. എന്നാല്‍ ചിലര്‍ അവരുടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സിനിമാജീവിതത്തിലൂടെത്തന്നെ ആളുകളുടെ ഓര്‍മകളില്‍ തങ്ങിനില്ക്കാറുണ്ട്.
അത്തരത്തിലൊരു കഥാപാത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ജോജി. ഒരു പക്ഷെ പേരുകൊണ്ട് കഥാപാത്രത്തിന്റെ മുഖം പിടിക്കിട്ടണമെന്നില്ല.
മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന് റോയ് എന്ന സ്കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ മുന്‍കാലജീവിതം അറിയുമ്പോഴാണ് പ്രേക്ഷകര്‍ ജോജി എന്ന കഥാപാത്രത്തേയും കാണുന്നത്.
ഏയ്ഞ്ചല്‍ മേരിയുടേയും ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന് റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്നുണ്ട്.
ആ ഫോട്ടോയില്‍ ജോജിയെ കാണുമ്പോള്‍ സുമുഖനും സുന്ദരനും പ്രശ്നക്കാരനുമല്ലെന്ന് തോന്നും. എന്നാല്‍ ജോജിയുടെ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നു.
എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട് അതില്‍ നിന്ന് വരുന്ന ഗ്യാസിന്റെ മണം ശ്വസിക്കുന്ന ജോജിയെയാണ് പിന്നീട് പ്രേക്ഷകര്‍ കാണുന്നത്. ഏയ്ഞ്ചല്‍ മേരി കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തലമുടിയൊതുക്കുമ്പോള് പിന്നിലെത്തുന്ന ജോജി കൈയിലിരിക്കുന്ന ലൈറ്റര്‍ ഉപയോഗിച്ച് ഏയ്ഞ്ചല്‍ മേരിയുടെ മുടി കത്തിക്കുകയും, മുടി കരിയുന്ന മണം ശ്വസിക്കുകയും ചെയ്യുന്നു.
ലഹരി അടിമയും സാഡിസ്റ്റുമായ ജോജിയെ കണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഭയം നിറഞ്ഞിരുന്നു.
വളരെ കുറച്ച് നേരം മാത്രമാണ് ആ കഥാപാത്രം സ്ക്രീനിലെത്തിയത് എങ്കിലും സിനിമ കണ്ട പ്രേക്ഷകര്‍ ഒരിക്കലും ജോജിയെ മറക്കില്ല.
ശരിക്കും സൈക്കോ ആണെന്ന് തോന്നിപോകുന്ന തരത്തില്‍ ആ കഥാപാത്രത്തെ മനോഹരമാക്കിയത് രാജേഷ് കെ എബ്രഹാം എന്ന നടനാണ്.
രാജേഷ് അഭിനയിച്ച ഒരേയൊരു സിനിമ കൂടിയാണ് ഒളിമ്പ്യന്‍ അന്തോണി ആദം. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ജോജിയുടെ രംഗങ്ങള്‍ നടന് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
ജോജി എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകന് ഭദ്രനെ കുറിച്ചും രാജേഷ് കെ എബ്രഹാം അഭിപ്രായം കുറിച്ചിരുന്നു.
‘സംവിധായകന് ഭദ്രന് സര് അടുത്തറിഞ്ഞ ഒരു ദാമ്പത്യ ബന്ധത്തിന്റെ സിനിമ ആവിഷ്കാരമാണ് അത്. റിയല്‍ ലൈഫ് എക്സ്പീരിയന്‍സ് ഭദ്രന് സാറിന്റെ കൃത്യമായ ദൃശ്യവിഷ്ക്കാരത്തിന്റെ ശക്തികൊണ്ട് ഇന്നും നിലനില്ക്കുന്നു. സിനിമ സംവിധായകന്റെ കലയാണ്.’ എന്നാണ് നടന് പറഞ്ഞത്.
ഭരണങ്ങാനം സ്വദേശിയായ രാജേഷ് കെ എബ്രഹാം സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു.
കോട്ടയം പാല സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പാല സെന്റ് തോമസ് കോളേജില്‍ നിന്ന് ലിറ്ററേച്ചറില്‍ ബിരുദവും ഡല്‍ഹി ജാമിയ മിലിയ കോളേജില്‍ നിന്ന് മാസ് മീഡിയ പഠനവും പൂര്‍ത്തിയാക്കി.
അഭിനയരംഗത്ത് പിന്നീട് സജീവമായില്ല എങ്കിലും രാജേഷ് കെ എബ്രഹാമിന്റെ കൂടെ സിനിമയുണ്ടായിരുന്നു.
2013ല്‍ ആറ് സുന്ദരിമാരുടെ കഥ എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. പ്രതാപ് പോത്തന്, നരേന്, നദിയ മൊയ്തു, ലെന, സറീന വഹാബ് തുടങ്ങിയവരായിരുന്നു സിനിമയിലെ അഭിനേതാക്കള്‍.
കൊച്ചിയിലാണ് രാജേഷ് ഇപ്പോള്‍ താമസിക്കുന്നത്. സിമി എം ആണ് ഭാര്യ. എന്തായാലും സിനിമ രാജേഷിന്റെ ജീവിതത്തിന്റെ ഭാഗമാണ്.