വടക്കാഞ്ചേരി: നഗരസഭയുടെ കാവലാളായ ”ദേവസേന’ ജനമനസ് കീഴടക്കുന്നു.
രാത്രി കാലങ്ങളിൽ നഗരസഭയുടെ കാവലിന് ദേവസേനയെന്ന പട്ടിയുടെ സേവനമുള്ളപ്പോൾ ഒരീച്ചക്ക് പോലും നഗരസഭ അങ്കണത്തിൽ പ്രവേശിക്കാനാകില്ല.
നഗരസഭയുടെ കുന്പളങ്ങാടുള്ള മാലിന്യയാർഡിൽ നിന്നും, രണ്ടു മാസം പ്രായമുള്ളപ്പോൾ കൈക്കും, കാലിനും ചതവുപറ്റിയ നിലയിലായിരുന്ന പട്ടി കുഞ്ഞിനെ ആംബുലൻസ് ഡ്രൈവർ പ്രസാദ് എടുത്തുകൊണ്ടുവന്ന്,
ഡോക്ടറെ കാണിച്ച് ചതവുഭാഗം പ്ലാസ്റ്ററിട്ടും, ശുശ്രൂഷകൾ നൽകി പരിപാലിച്ചു വളർത്തുകയായിരുന്നു. ഇപ്പോൾ നഗരസഭയുടെ ഒരു വശത്തുതന്നെയാണ് ദേവസേനയുടെ കിടപ്പ്.
രാത്രി എട്ടു കഴിഞ്ഞാൽ ദേവസേനയെ അഴിച്ചുവിടും , പിന്നെ നഗരസഭാങ്കണത്തിന്റെ ഭരണാധികാരവും, സുരക്ഷയും ദേവസേനക്കു തന്നെ.
നഗരസഭയിലെ ജീവനക്കാരോ, മറ്റു ആരെങ്കിലുമോ നഗരസഭ കവാടത്തിൽ പോലും പ്രവേശിക്കാൻ ദേവസേന സമ്മതിക്കില്ല.
ആളൊഴിഞ്ഞ നഗരസഭയിലെത്തുന്ന തെരുവു നായ്ക്കളെ, ദേവസേന ഓടിച്ചു വിടും.
പാലും, മുട്ടയും , ചോറും, പെറോട്ടയുമാണ് ദേവസേനയുടെ ഭക്ഷണം.എന്നാൽ രാവിലെ പാല് കൊടുക്കാൻ വിളിച്ചാൽ വികൃതി കാട്ടുമെന്ന് പ്രസാദ് പറയുന്നു.
അതിന് കാരണം മറ്റൊന്നുമല്ല , പാല് കുടിച്ചാൽ കെട്ടിയിടുമെന്ന് ദേവസേനക്ക് അറിയാം. രാത്രിയിൽ ആരും അകത്തു കടക്കാതെ നഗരസഭ അങ്കണത്തിന് രക്ഷാകവചം തീർക്കുകയാണ് ദേവസേന എന്ന പട്ടി.